മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും തിങ്കളാഴ്ച്ച

മലപ്പുറം: 1952 ല്‍ എഫ് 1184-ാം നമ്പറില്‍ രൂപീകരിക്കപ്പെട്ട പ്രൊഡ്യൂസേഴ്‌സ് കം കണ്‍സ്യൂമേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പില്‍ക്കാലത്ത് പി.576-ാം നമ്പര്‍ മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കായി രൂപാന്തരം പ്രാപിച്ചത്. 1956 ല്‍ റൂറല്‍ ബാങ്കായും 1961 ല്‍ സര്‍വ്വീസ് ബാങ്കായും രൂപമാറ്റം സംഭവിച്ച ഇതിനോട് 1966 ല്‍ 10526-ാം നമ്പര്‍ മക്കരപ്പറമ്പ വിവിധോദ്ദേശ ഐക്യ നാണയ സംഘവും, 746-ാം നമ്പര്‍ വറ്റലൂര്‍ ഐക്യനാണയ സംഘവും കൂട്ടിച്ചേര്‍ത്താണ് നിലവിലുള്ള പി.576-ാം നമ്പര്‍ മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്ക് രൂപീകരിച്ചിട്ടുള്ളത്.
സേവനത്തില്‍ 70 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ബാങ്ക് 2022-ാമാണ്ട് പ്ലാറ്റിനം ജൂബിലി വര്‍ഷമായി കൊണ്ടാടുകയാണ്. പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം 16/05/2022 ന് വൈകുന്നേരം 4 മണിക്ക് മക്കരപ്പറമ്പ ഹെവന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് തുടക്കം കുറിക്കും. ബഹുമാനപ്പെട്ട സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.എല്‍.എ.മാരായ മഞ്ഞളാംകുഴി അലി, കെ.പി.എ.മജീദ് ആബിദ് ഹുസൈന്‍ തങ്ങള്‍, എ.പി.അനില്‍കുമാര്‍, പി.ഹമീദ് മാസ്റ്റര്‍, യു.എ.ലത്തീഫ് പി.ഉബൈദുള്ള, നജീബ് കാന്തപുരം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ തുടങ്ങിയ ജനപ്രിതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും സംബന്ധിക്കുന്നതാണ്.
പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് സര്‍വ്വീസ് സൗജന്യ നിരക്കില്‍ ബാങ്ക് നേരിട്ട് ആരംഭിക്കുകയാണ്. മങ്കട സി.എച്ച്.സെന്ററുമായി സഹകരിച്ച് ആംബുലന്‍സ് സര്‍വ്വീസും മക്കരപ്പറമ്പ പെയിന്‍ & പാലിയേറ്റീവുമായി സഹകരിച്ച് ഹോം കെയര്‍ സര്‍വ്വീസും നിലവില്‍ ബാങ്ക് നടത്തി വരുന്നുണ്ട്. അനാഥ കുട്ടികളുടെ പരിപൂര്‍ണ്ണ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അംഗങ്ങലുടെ പെന്‍ഷന്‍ പദ്ധതി, ചികിത്സാ സഹായ വിതരണം, കര്‍ഷകര്‍, മുതിര്‍ന്ന അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, RRT അംഗങ്ങള്‍ എന്നിവരെ ആദരിക്കല്‍, മൈക്രോ എ.ടി.എം. സേവനം, QR കോഡ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയും ജൂബിലിയുടെ ഭാഗമായി നടത്തുന്നതാണ്.
31/05/2022 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരിക്കുള്ള യാത്രയയപ്പും ചടങ്ങില്‍ നല്‍കപ്പെടും. 1993 ലാണ് ഹനീഫ സെക്രട്ടറിയായി ചാര്‍ജ്ജെടുക്കുന്നത്. അന്ന് സംഘം ക്ലാസ്-II വിലായിരുന്നു. ഇന്ന് ക്ലാസ്-1 സൂപ്പര്‍ ഗ്രേഡായി ബാങ്ക് ഉയര്‍ന്നിട്ടുണ്ട്. 42869 അംഗങ്ങളുള്ള സംഘത്തില്‍ 214 കോടി രൂപയുടെ നിക്ഷേപവും, 158 കോടി രൂപയുടെ വായ്പയും ബാക്കിനില്‍പ്പുണ്ട്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അംഗങ്ങള്‍ക്ക് 20% ലാഭവിഹിതവും നല്‍കി വരുന്നുണ്ട്. ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സിന്റെ മികച്ച ചീഫ് എക്‌സിക്യൂട്ടീവിനുള്ള അവാരഡ് ഹനീഫക്ക് ലഭിച്ചിട്ടുണ്ട്.
ബാങ്കിംഗ് പ്രവര്‍ത്തനത്തോടൊപ്പം ധാരാളം ജീവകാരുണ്യ-ക്ഷേമ പ്രവര്‍ത്തനങ്ങളും ബാങ്ക് നടത്തി വരുന്നുണ്ട്. പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ ഡയാലിസിസ് രോഗികള്‍ക്കും പ്രതിമാസം 1,000/- രൂപ ചികിത്സാ സഹായം നല്‍കി വരുന്നുണ്ട്. കോവിഡ് മഹാമാരി കാലത്ത് ബാങ്ക് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബാങ്കിംഗ് ഫ്രോണ്ടിയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.


വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി.മുഹമ്മദ് മാസ്റ്റര്‍, സെക്രട്ടറി ഹനീഫ പെരിഞ്ചീരി, വൈസ് പ്രസിഡന്റ് സമീര്‍ കോപ്പിലാന്‍, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് മുസ്തഫ, ഡയറക്ടര്‍ നസീം ചോലക്കല്‍ സംബന്ധിച്ചു.