നടൻ മോഹൻലാലിന് ED നോട്ടീസ് അയച്ചു; ചോദ്യം ചെയ്യാൻ ഹാജരാകണം
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് എതിരെയുളള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചു. കൊച്ചിയിലെ ഇഡിയുടെ ഓഫീസിലാണ് ഹാജരാവേണ്ടത്. എന്നാല്‍ മോന്‍സണ്‍ കേസ് കൂടാതെ മറ്റൊരു കേസിലും മോഹന്‍ലാലിന്‍റെ മൊഴിയെടുക്കും എന്നാണ് സൂചന. ഇത് ഏത് കേസാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
സിനിമാ രംഗത്ത് അടക്കമുള്ള പ്രമുഖരുമായി മോന്‍സണ്‍ മാവുങ്കലിന്റെ ബന്ധങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മോഹന്‍ലാലും അടക്കമുള്ളവര്‍ മോന്‍സണ്‍ മാവുങ്കലിന് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ പോയിരുന്നുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മോന്‍സണ്‍ മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന മറ്റൊരു സിനിമാ താരമാണ് മോഹന്‍ലാലിനെ കലൂരിലെ വീട്ടിലെത്തിച്ചത് എന്നാണ് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അടുത്ത ആഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് മോഹന്‍ലാലിന് നോട്ടീസ് അയച്ചിരിക്കുന്നത്.
മോന്‍സണ്‍ മാവുങ്കലുമായുളള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ നടനാണ് ബാല. കൊച്ചിയില്‍ താമസിക്കുന്ന ബാലയുടെ അയല്‍വാസി ആയിരുന്നു മോന്‍സണ്‍. മോഹന്‍ലാല്‍ മോന്‍സണിന്റെ വീട്ടില്‍ പോയിരുന്നതായി നേരത്തെ ബാല വെളിപ്പെടുത്തിയിരുന്നു
പുരാവസ്തുക്കളോടുളള മോഹന്‍ലാലിന്റെ താല്‍പര്യം വളരെ പ്രശസ്തമാണ്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പുരാവസ്തുക്കളെ കുറിച്ച് താന്‍ ഒരിക്കല്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നുവെന്നും അവ കൊണ്ട് വന്ന് കാണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും ബാല വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ മോന്‍സണ്‍ മാവുങ്കലിന്റെത് ഒരു മ്യൂസിയമാണെന്നും കൊണ്ടുവന്ന് കാണിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞത് പ്രകാരം മോഹന്‍ലാല്‍ കലൂരിലെ വീട്ടിലേക്ക് വന്നുവെന്നാണ് ബാല പറഞ്ഞത്.
അമൂല്യമായ പല പുരാവസ്തുക്കളും കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കോടികളുടെ തട്ടിപ്പ് മോന്‍സണ്‍ മാവുങ്കല്‍ നടത്തിയതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിന് ലഭിച്ച മുപ്പത് വെള്ളിക്കാശുകളില്‍ രണ്ടെണ്ണവും ശബരിമലയിലെ താളിയോലയും ടിപ്പു സുല്‍ത്താന്റെ സിംഹാസനവും ബൈബിളില്‍ പറയുന്ന മോശയുടെ അംശവടിയും അടക്കം കയ്യിലുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകൾ.