പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷൈബിൻ അഷ്‌റഫിന്റെത് അത്ഭുതപ്പെടുത്തുന്ന ജീവിത കഥ

മലപ്പുറം: ഓട്ടോ ഓടിച്ചിരുന്ന ഷൈബിൻ അഷ്‌റഫിന് എങ്ങിനെ 350 കോടി രൂപയുടെ ആസ്ഥിയുണ്ടായി. പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷൈബിൻ അഷ്‌റഫിന്റെത് അത്ഭുതപ്പെടുത്തുന്ന ജീവിത കഥ. നിലമ്പൂരിൽ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫ് ആദ്യം ലോറി ക്ലീനറായിരുന്നു. അതോടൊപ്പം വരുമാനം വർധിപ്പിക്കാൻ ഓട്ടോ ഡ്രൈവറുമായി. ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽ നിന്നാണ് ഷൈബിൻ അഷ്‌റഫിന്റെ ജീവിത കഥ തുടങ്ങുന്നത്. നിത്യവൃത്തിക്കായി പ്രയാസപ്പെടുന്ന സമയത്താണ് മാതാവ് ജോലി തേടി ഗൾഫിലേക്കു പോയത്. ഇതിനു ശേഷമാണ് ഷൈബിനും ഗൾഫിലെത്തിയത്. പിന്നീട് പൊടുന്നനെയായിരുന്നു സാമ്പത്തിക വളർച്ച. നിലമ്പൂർ കൊലപാതകക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകൾ തങ്ങളുടെ സംശയം ശരിവയ്ക്കുന്നതാണെന്ന് അബുദാബിയിൽ കയ്യിലെ ഞരമ്പ് മുറിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തിയ ഹാരിസിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. നിർണ്ണായക തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്.

ഹാരിസ് ബിസിനസ് പങ്കാളി
ഷൈബിൻ അഷ്‌റഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ഷൈബിനുമായി ഉണ്ടായ തർക്കവും മറ്റും ഹാരിസിനെ വകവരുത്താൻ കാരണമായിട്ടുണ്ടാകാമെന്നു ബന്ധുക്കൾ പറയുന്നു. അബുദാബിയിലെ ഫ്‌ളാറ്റിലാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മൽ കുറുപ്പൻതൊടികയിൽ ഹാരിസിന്റെ (35) മൃതശരീരം 2020 മാർച്ച് അഞ്ചിനു കണ്ടെത്തിയത്. ഹാരിസിന്റെ മാനേജരായ സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. ഏഴു വർഷം മുൻപ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡരികിൽ ആഡംബരവസതിയുടെ നിർമ്മാണം ഷൈബിൻ ആരംഭിച്ചത്. അബുദാബിയിൽ അറബിക്കൊപ്പം ഡീസൽ കച്ചവടമെന്നാണു അറിയുന്നവരോട് പറഞ്ഞിരുന്നത്. ഇതെല്ലാം പല സംശയങ്ങൾക്കും ഇടനൽകിയിരുന്നു. ഹൂതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു. അതോടൊപ്പം നാട്ടുകാരെ സഹായിക്കാനും എത്തി. യുവാക്കളെ ഗൾഫിൽ കൊണ്ടു പോയി. വിശ്വസ്തർക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലർക്ക് വയനാട്ടിൽ മീൻകടകളും സജ്ജീകരിച്ചു നൽകി. ഇവരെ ചേർത്ത് ഗുണ്ടാ സംഘമുണ്ടാക്കി. ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. നാട്ടിൽ ഷൈബിന്റെ ഉറ്റവരായി 30 ഓളം പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏൽപിച്ചു.

വ്യാപിപ്പിച്ച് ബിസിനസ് സംരംഭങ്ങൾ
ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീൻ, തുണി കച്ചവടത്തിലും പണം ഇറക്കി. ബെംഗളൂരുവിൽനിന്നു തുണി വയനാട്ടിൽ എത്തിച്ച് മറ്റു ജില്ലകളിലേക്കു റീട്ടെയ്‌ലായി നൽകാൻ ബത്തേരിയിൽ ഓഫിസ് തുടങ്ങി. സംഘത്തിൽ ഭിന്നതയുമുണ്ടായി. വില്ലനായി ഷൈബിനെ വൃക്കരോഗം അലട്ടി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപെടുന്നത്. തുടർന്നു രണ്ടു വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു. ജയിൽ വിട്ടു കേരളത്തിലെത്തിയ ഷൈബിൻ നിലമ്പൂരിൽ പുതിയ വീടു വാങ്ങി താമസമാക്കി. പറഞ്ഞ തുക നൽകാതെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു ചോദ്യം ചെയ്യാൻ തങ്ങളകത്ത് നൗഷാദും കൂട്ടരും നിലമ്പൂരിലെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെയാണു ഷൈബിന്റെ ക്രൂരമുഖം വെളിച്ചത്തുവന്ന സംഭവങ്ങളുടെ തുടക്കം.


തെളിവെടുപ്പിന് പോലീസ്
വൈദ്യൻ നിലമ്പൂരിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. സുൽത്താൻ ബത്തേരി കൈപ്പൻഞ്ചേരി തങ്ങളകത്ത് നൗഷാദുമായാണ് പ്രധാന പ്രതി ഷൈബിൻ അഷ്‌റഫിന്റെ നിലമ്പൂർ മുക്കട്ടയിലുള്ള വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാവിലെ 11.30 നു ആരംഭിച്ച തെളിവെടുപ്പ് ഉച്ചക്കു 2.45 നാണ് പൂർത്തിയാക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നൗഷാദിനെ കോടതിയിൽ നിന്നു പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. നിലമ്പൂർ ഡിവൈഎസ്പി സാജു കെ. അബ്രാഹം, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ബിജു, നിലമ്പൂർ സിഐ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതക വിവരം ആദ്യം പോലീസിനോട് പറഞ്ഞത് നൗഷാദാണ്. ഇതേ തുടർന്നാണ് പിടിയിലായ നാലുപ്രതികളിൽ നൗഷാദിനെ മാത്രം പോലീസ് കസ്റ്റഡിയിൽ വാങ്ങിയതും തെളിവെടുപ്പിനെത്തിച്ചതും.

തെളിവ് തേടി പോലീസ്
ഫോറൻസിക് വിദഗധർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഷൈബിന്റെ വീട്ടിനുള്ളിൽ വച്ചും പുറത്തും ഏറെ നേരം തെളിവെടുപ്പ് തുടർന്നു. ഷാബാ ഷെരീഫിന്റെ കൊലപാതകം സ്ഥിരീകരിക്കാവുന്ന തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പോലീസ് പ്രധാനമായും നടത്തിയത്. ഷാബാ ഷെരീഫിനെ താമസിപ്പിരുന്ന മുറിയിലും വീടിന്റെ മറ്റു ഭാഗങ്ങളിലും ഏറെ നേരം പരിശോധന നടത്തി. വിരലടയാളവും ശേഖരിച്ചു. ഷാബാ ഷെരീഫിനെ കഷണങ്ങളാക്കി കൊന്നത് വീട്ടിനകത്തുവച്ചാണെങ്കിൽ പുറത്തേക്കൊഴുകിയ രക്തത്തിന്റെ അംശങ്ങൾ കണ്ടെത്താനാവുമോ എന്ന പരിശോധനയും നടന്നു. ഇതിനായി കുളിമുറിയിൽ നിന്നു വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പ് പൊട്ടിച്ചും സമീപത്തെ മണ്ണെടുത്തും പരിശോധന നടത്തി. പുറത്തുതറയിലെ ടൈൽസ് പൊട്ടിച്ചെടുത്ത മണ്ണും ടൈലിന്റെ അവശിഷ്ടങ്ങളും ശേഖരിച്ചിട്ടുണ്ട്. കുളിമുറി നവീകരിച്ചപ്പോൾ പുറത്തുകളഞ്ഞ ടൈലിന്റെ ഭാഗങ്ങൾ റോഡിനു എതിർവശത്ത് നിന്നു പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. ഇവ ശാസ്ത്രീയമായി പരിശോധിക്കും.

നിർണായക വിവരങ്ങൾ ലഭിച്ചു
അതേ സമയം ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നു കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന. ഷാബാ ഷെരീഫ് കൊല്ലപ്പെടുന്ന ദിവസം മുക്കട്ടയിലെ വീട്ടിൽ ഉണ്ടായിരുന്നതായും ഷാബാ ഷെരീഫിനെ ചങ്ങലയിൽ ബന്ധിപ്പിച്ചത് കണ്ടതായും ഷൈബിന്റെ ഭാര്യ മൊഴി നൽകിയതായാണ് അറിയുന്നത്. ഇവരെയും പോലീസ് പ്രതി ചേർത്തേക്കും. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെയും അറസ്റ്റിലായ മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിന് പുറമെ പ്രതികളുമായി ബന്ധപ്പെട്ട് മറ്റു രണ്ടു കൊലപാതകങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഷൈബിനുമായി ബന്ധമുള്ള മുക്കട്ട ഇയ്യംമട ഭാഗത്തെ ഒരാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. എന്നാൽ സംശയിക്കപ്പെടുന്നയാളുകളെ പോലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേസമയം തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് നിരവധി നാട്ടുകാർ മുക്കട്ട-കരുളായി റോഡിനു സമീപമുള്ള ഷൈബിന്റെ വീടിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. വീടിന്റെ മുറ്റത്തേക്ക് മറ്റാരെയും പ്രവേശിപ്പിച്ചിരുന്നില്ല.