വളന്നൂരിൽ റോഡ് നവീകരണത്തെ ചൊല്ലി കുടുംബവും നാട്ടുകാരും തമ്മിൽ തല്ലി
മലപ്പുറം: റോഡ് നവീകരണത്തെ ചൊല്ലി നാട്ടുകാരും കുടുംബവും തമ്മിൽ തല്ല്. വളന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഈങ്ങേങ്ങൽപട-രാമൻകാവ് റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്. കഴിഞ്ഞ 25 വർഷമായി നിർമ്മിച്ച റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത രീതിയിലായിരുന്നു.
പഞ്ചായത്ത് ആസ്തിയുള്ള ഈ റോഡ് പ്രദേശത്തെ ഒരു കുടുംബത്തിന്റെ തടസ്സം മൂലം നവീകരിക്കാനോ യാത്രാ യോഗ്യമാക്കാനോ സാധിച്ചിരുന്നില്ല. തുടർന്ന് പ്രദേശവാസികൾ ചേർന്ന് ഫണ്ട് ശേഖരിച്ച് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി എത്തിയപ്പോഴായിരുന്നു സംഘർഷം ഉണ്ടായത്.
കോൺക്രീറ്റ് ജോലി തടസ്സപ്പെടുത്തിയ കുടുംബം കോൺക്രീറ്റിൽ കിടന്നും വാക്കേറ്റമുണ്ടാക്കിയും സംഘർഷം സൃഷ്ടിക്കുകയായിരുന്നു. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലെത്തി. റോഡ് നവീകരണത്തിന് എത്തിയവരെ കല്ലെറിഞ്ഞു ഇരുമ്പു കൊണ്ടും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കമുള്ളവരാണ് റോഡ് നവീകരണത്തിന് എത്തിയവരെ ആക്രമിച്ചത്. തുടർന്ന് കല്പകഞ്ചേരി പോലീസിന്റെ സാന്നിധ്യത്തിലാണ് നാട്ടുകാർക്ക് കോൺക്രീറ്റ് ജോലി പൂർത്തിയാക്കാൻ സാധിച്ചത്