തിരൂരിന്റെ മണ്ണില്‍ നിന്നും ഒരു സൗന്ദര്യ റാണി

തിരൂര്‍: തിരൂരിന്റെ മണ്ണില്‍ നിന്നും ഒരു സൗന്ദര്യ റാണി. തിരൂര്‍ സ്വദേശിയായ റഷാ പാലത്തിങ്കലാണ് ആ സുന്ദരി.തൃശൂരില്‍ ജില്ലയില്‍ കഴിഞ്ഞ മെയ് 18ന് എക്‌സ്‌പ്രെഷന്‍ മീഡിയ നടത്തിയ മിസ് ആന്‍ഡ് മിസസ്സ് കേരള 5.O സീസണിലെ ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍ എന്ന സുന്ദരി പട്ടത്തിന് റഷാ അര്‍ഹയായത്.
സിനിമ താരവും, 2014 ലെ മിസ് കേരള ജേതാവുമായ ഗായത്രി സുരേഷ് എന്നിവര്‍ അടങ്ങുന്നവരായിരുന്നു വിധികര്‍ത്താക്കള്‍. 50,000 രൂപയുടെ ക്യാഷ് പ്രൈസ് അടങ്ങുന്നതായിരുന്നു സമ്മാനം. തിരൂര്‍ സ്വദേശികളായ ഷാജി പാലത്തിങ്കല്‍, റാണി മുംതാസ് ദമ്പതികളാണ് മാതാപിതാക്കള്‍.ചെറുപ്പം മുതലേ നൃത്ത കലാ രംഗത്ത് താരമായിരുന്നു റഷ.നഴ്‌സറി ക്ലാസ് മുതല്‍ തന്നെ കലാ രംഗത്ത് റഷയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.ഒട്ടനവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

നാട്ടുകാര്‍ക്കും റഷയെ കുറിച്ച് അഭിമാനവും സന്തോഷവുമാണ് പങ്കുവെക്കാനുള്ളത്. മോഡലിംഗ് എന്ന തന്റെ അടങ്ങാത്ത അഭിനിവേശത്തോടുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് റഷയെ ഈ സുന്ദരി പട്ടത്തിന് അര്‍ഹയാക്കിയത്.നിരവധി ഫാഷന്‍ ബോട്ടിക്കുകളുടെയും,ജ്വല്ലറികളുടെയും മോഡല്‍ ആയും റഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.കോളേജ് പഠനം തുടരുന്നതിനോടൊപ്പം തന്റെ മോഡലിംഗ് എന്ന സ്വപ്നവും മുറുകെപ്പിടിച്ചു.ടെലിവിഷന്‍ അവതാരകയായും മോഡല്‍ ആയും തന്റെ മോഡലിംഗ് എന്ന ലക്ഷ്യത്തിന്റെ ആദ്യ പടികള്‍ ചവിട്ടി. മാതാപിതാക്കള്‍ നല്‍കിയ പിന്തുണയും വിജയത്തിലേക്ക് മുതല്‍ക്കൂട്ടായി.അധ്യാപികയായ മാതാവ് റാണി മുംതാസ് മകളുടെ ഈ വിജയയാത്രയില്‍ താങ്ങായും തണലായും കൂടെ തന്നെ ഉണ്ട് .ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ മകള്‍ക്ക് കഴിയുമെന്നും റഷയുടെ മാതാവ് പറയുന്നു.

തിരൂര്‍ പൂക്കയില്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം.കെഎംസിടി യില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ റഷാ ബാംഗ്ലൂരില്‍ സാമൂഹ്യ സേവന പ്രവര്‍ത്തനത്തില്‍ ബിരുദം ചെയ്യുകയാണ്.റെഹാന്‍ഷാ പാലത്തിങ്കല്‍ അനിയനാണ്. സാമൂഹ്യ സേവന രംഗത്തും അതിനോടൊപ്പം മോഡലിംഗ് രംഗത്തും തന്റെ പ്രതിഭ തെളിയിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ജനയുഗത്തോട് പറഞ്ഞു