തിരൂർ സിറ്റി റെയിൽ മേൽപ്പാലം അപ്രോച്ച് റോഡ് ആറ് മാസത്തിനകം – എം .എൽ.എ
നിർമാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു
തിരൂർ സിറ്റി റെയിൽ മേൽപ്പാലം അപ്രോച്ച് റോഡ് ആറ് മാസത്തിനകം പൂർത്തീകരിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. അപ്രോച്ച് റോഡ് നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനകം പ്രവൃത്തി ആരംഭിച്ച താഴെപ്പാലം റെയിൽ മേൽപ്പാലം അപ്രോച്ച് റോഡ് ഒരു മാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തിരൂരിൻ്റെ വികസന ഭൂപടത്തിലെ പ്രധാന നാഴികക്കല്ലായിരിക്കും അപ്രോച്ച് റോഡുകളുടെ പൂർത്തീകരണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ചാണ് തിരൂർ സിറ്റി റെയിൽ മേൽപ്പാലം അപ്രോച്ച് റോഡിൻ്റെ നിർമാണം. പാലം നിർമാണം നേരത്തെ പൂർത്തീകരിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കുന്നതുൾപ്പടെ പ്രശ്നങ്ങൾ കാരണം അപ്രോച്ച് റോഡ് നിർമാണം നീളുകയായിരുന്നു. സിറ്റി റെയിൽ മേൽപ്പാലത്തിലെ പദ്ധതി സ്ഥലത്ത് നടന്ന പരിപാടിയിൽ തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ, വിവിധ രാഷ്ട്രീയ-സംസ്കരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.