നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; റിട്ട എസ്‌ഐയുടെ വീട്ടിൽ റെയ്ഡ്
വയനാട്: പാരമ്പര്യ വൈദ്യൻ ഷാബാ ശെരീഫ് കൊല്ലപ്പെട്ട കേസിൽ വയനാട്ടിൽ വിരമിച്ച എസ്‌ഐയുടെ വീട്ടിൽ റെയ്ഡ്. റിട്ട. എസ് ഐ സുന്ദരന്റെ കേണിച്ചിറ കോളേരിയിലെ വീട്ടിലാണ് നിലമ്പൂർ എസ് ഐ യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സുന്ദരൻ വിവിധ കേസുകളിൽ ഷൈബിൻ അഷ്‌റഫിന് നിയമസഹായം നൽകിയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ
ഉച്ചക്ക് ഒരുമണിയോടെയാണ് നിലമ്പൂർ പോലീസ് റിട്ട. എസ് ഐ സുന്ദരന്റെ കൊളേരിയിലെ വീട്ടിലെത്തിയത്. പോലീസെത്തുമ്പോൾ പുറത്തുനിന്ന് പൂട്ടിയ നിലയിരുന്നു വീട്. ഒരു മണിക്കൂറിനു ശേഷം ജോലി സ്ഥലത്തു നിന്നും സുന്ദരന്റെ ഭാര്യയെ വിളിച്ചുവരുത്തിയാണ് വീട്ടിനുള്ളിൽ കയറി പരിശോധന നടത്തിയത്. ഷൈബിൻ അഷ്‌റഫിനെതിരായ വിവിധ കേസുകളിൽ നിയമസഹായം നൽകിയിരുന്നുവെന്നും പല കുറ്റകൃത്യങ്ങളിലും ഷൈബിന്റെ വലംകയ്യായി സുന്ദരൻ പ്രവർത്തിച്ചിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
കസ്റ്റഡിയിലുള്ള പ്രതികളും ഇതുസംബന്ധിച്ച് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ദീപേഷ് വധശ്രമക്കേസിൽ ദീപേഷിന്റെ കുടുംബവുമായി ഷൈബിനു വേണ്ടി ഒത്തുതീർപ്പ് ചർച്ച നടത്തിയതും ഇയാളായിരുന്നുവെന്ന് സൂചനയുണ്ട്. ഒളിവിൽ കഴിയുന്ന സുന്ദരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട് പിടിയിലാകുന്നതോടെ ഷൈബിൻ അഷ്‌റഫിന്റെ കൂടുതൽ കുറ്റകൃത്യങ്ങളുടെ ചുരുളഴിയുമെന്ന വിലയിരുത്തലിലാണ് പോലീസ്.