ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് വര്‍ഷം
2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം മാത്രം. 2022 നവബംര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ്. രണ്ട് വര്‍ഷത്തെ കൌണ്ട് ഡൌണ്‍ പരിപാടികള്‍ക്ക് ഫിഫയും ഖത്തറും തുടക്കം കുറിച്ചു.
ഖത്തറിന്‍റെയും ഏഷ്യന്‍ വന്‍കരയുടെയും കാലങ്ങളായുള്ള കാത്തിരിപ്പിനും കായിക ലോകത്തിന്‍റെ നാല് കൊല്ലക്കാലത്തെ ആകാംക്ഷയ്ക്കും അറുതിയാകാന്‍ ഇനി ബാക്കിയുള്ളത് രണ്ട് വര്‍ഷം മാത്രം. എട്ട് മൈതാനങ്ങളില്‍ അഞ്ചും പൂര്‍ത്തിയാക്കി രണ്ട് വര്‍ഷം മുന്നെ തന്നെ ലോകകപ്പിനായി മുക്കാല്‍ പങ്കും ഒരുങ്ങിക്കഴിഞ്ഞു ഖത്തര്‍. മൂന്നെണ്ണം ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ രണ്ടെണ്ണം ഉദ്ഘാടനത്തിന് ഒരുങ്ങിനില്‍ക്കുന്നു. ഫൈനല്‍ നടക്കേണ്ട മധ്യേഷ്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാകും. ഒന്നൊഴികെ എല്ലാ മൈതാനങ്ങളിലേക്കും മെട്രോ സര്‍വീസ് റെഡി. റോഡ് നിര്‍മ്മാണവും അവസാനഘട്ടത്തില്‍. ചരിത്രത്തിലെ ഏറ്റവും മനോഹരമായ ലോകകപ്പായിരിക്കും ഖത്തറിലേതെന്ന ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയുടെ വാക്കുകള്‍ കായിക പ്രേമികളുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നു. എല്ലാ വന്‍കരകളിലുമായി യോഗ്യതാ പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.