കെ.റെയിലിന് അനുമതി നൽകിയിട്ടില്ല; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

ന്യൂഡൽഹി: കെ.റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സർക്കാർ വ്യക്തമാക്കി. തത്വത്തിൽ അനുമതി നൽകിയത് വിശദ പദ്ധതി രേഖ സമർപ്പിക്കാനായിട്ടാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പദ്ധതിയ്‌ക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി കെ.റെയിൽ സർവ്വേയ്‌ക്കെതിരായ വിവിധ ഹർജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.

നേരത്തെ തന്നെ കെറെയിൽ പദ്ധതിയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനസർക്കാർ കല്ലിടലടക്കമുള്ള പ്രവൃത്തികൾ ആരംഭിക്കുകയായിരുന്നു.ജനരോഷം വർദ്ധിച്ചതും ഉപതിരഞ്ഞെടുപ്പ് അടുത്തതും കല്ലിടലിൽ നിന്ന് പിൻവാങ്ങാൻ സംസ്ഥാനസർക്കാരിനെ നിർബന്ധിതരാക്കുകയായിരുന്നു.

കെറെയിൽ പദ്ധതിയുടെ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ അവകാശപ്പെടുന്നതിനേക്കാൾ അധികം തുക ചെലവ് വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നു.പദ്ധതിയുടെ ചെലവ് 63,941 കോടി രൂപയാണെന്നും പദ്ധതി പരിഗണിക്കുന്നത് സാങ്കേതികവും സാമ്പത്തികവുമായ ശേഷിയെ കൂടി ആശ്രയിച്ചായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.