ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു; ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറിപ്പ്

കോഴിക്കോട്: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമേറ്റത് ക്രൂരപീഡനമെന്ന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നും ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറിപ്പ്. കോഴിക്കോട് പറമ്പിൽ ബസാറിൽ മരിച്ച മോഡൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നാണ് ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നത്.

ചില ദിവസങ്ങളിൽ കഴിച്ചത് ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രമാണ്. ഭർത്താവ് സജാദിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ഏറെ പീഡനമുണ്ടായി.മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദിച്ചെന്നും ഡയറിയിൽ പറയുന്നു.

സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണയാണെന്നും ഡയറിലിട്ടുണ്ട്. ഷഹനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എ.സി.പി സുദർശന് കൈമാറും.

ഷഹനയും ഭര്‍ത്താവും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയെക്കെടുത്ത് താമസിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു.തുടര്‍ന്ന് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ജനലില്‍ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് സാജിദ് പൊലീസിന് നല്‍കിയ മൊഴി. അതേസമയം, ഷഹനയുടേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

സജാദ് ലഹരിമാഫിയയുടെ കണ്ണിയാണെന്നും ഫുഡ് ഡെലിവറിയുടെ മറവില്‍ ഇയാള്‍ ലഹരി വിറ്റിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. 22 ാം പിറന്നാള്‍ ദിവസമാണ് ഷഹന തൂങ്ങഇമരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന് നേരത്തെ വരാമെന്ന് ഭർത്താവ് സജാദ് പറഞ്ഞിരുന്നു. എന്നാൽ വരാൻ പതിവിലും നേരം വൈകി. ഇതിനെ ചൊല്ലി വാക്കുതർക്കം നടന്നതായും ഇതിന് ശേഷമാണ് ഷഹന തൂങ്ങിമരിച്ചെന്നുമാണ് ഭർത്താവിന്റെ മൊഴി. ഡയറിക്കുറിപ്പുകള്‍ കൂടി പുറത്ത് വന്നതോടെ സജാദിനെതിരെയുള്ള കുരുക്ക് കൂടുതല്‍ മുറുകും.