സ്വപ്‌നയുടെ വെളിപ്പെടുത്തൽ തുടരുന്നു; ആര് മുഖ്യമന്ത്രിയായാലും എന്റെ പ്രശ്‌നമല്ല, രാഷ്ട്രീയ അജണ്ടയില്ല, ഇനിയും പറയാനുണ്ട്

തിരുവനന്തപുരം: തന്റെ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിലെ സ്വപ്‌ന സുരേഷ്. സംസ്ഥാനം ആര് ഭരിക്കുന്നുവെന്നതൊന്നും തന്റെ പരിഗണനയിലുള്ള വിഷയമല്ല. വ്യക്തികള്‍ക്കെതിരെയാണ് തന്റെ ആരോപണം. അതില്‍ വ്യക്തിപരമോ രാഷ്ട്രീയമോ ആയ യാതൊരു അജണ്ടയുമില്ലെന്നും സ്വപ്‌ന സുരേഷ് വിശദീകരിച്ചു.

‘സംസ്ഥാനം ആര് ഭരിക്കുന്നുവെന്നതൊന്നും എന്റെ പരിഗണനയിലുള്ള വിഷയമല്ല. ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ല. എനിക്ക് വ്യക്തിപരമോ രാഷ്ട്രീയമോ ആയ യാതൊരു അജണ്ടയുമില്ല. എന്റെ പേരില്‍ നാല് കേസുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ട്. അത് ആരും അറിഞ്ഞിട്ടില്ല. എനിക്ക് ഒരുപാട് ഭീഷണിയുണ്ട്. എനിക്ക് ജോലി തന്നെ സ്ഥാപനത്തിനും ബുദ്ധിമുട്ടുണ്ട്.

ചോദ്യം ചെയ്യാന്‍ വീണ്ടും വീണ്ടും എന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുന്നുണ്ട്. എന്നാല്‍ അന്വേഷണം എവിടേയും എത്താത്ത പശ്ചാത്തലത്തിലാണ് ഞാന്‍ ഒരു ശ്രമം നടത്തിയത്. ഇതില്‍ രാഷ്ട്രീയ അജണ്ടയൊന്നും ഇല്ല. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എന്നെ ജീവിക്കാന്‍ അനുവദിക്കൂ. ഞാന്‍ ഒന്ന് ജോലി ചെയ്ത് ജീവിച്ചോട്ടെ. കേസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തണം.’ സ്വപ്‌ന സുരേഷ് പറഞ്ഞു.

പി സി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ലെന്നും സ്വപ്‌ന സുരേഷ് വിശദീകരിച്ചു. സോളാര്‍ കേസിലെ പ്രതി സരിതയും താനും ഒരേ ജയിലില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിലും പരിചയപ്പെട്ടിട്ടില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

‘പ്രശ്‌നം വന്നപ്പോള്‍ പി സി ജോര്‍ജ്ജ് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നത് വാസ്തവമാണ്. സരിതയെ തനിക്ക് അറിയില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരു ജയിലില്‍ ഉണ്ടായിരുന്നു. ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അവര്‍ നിരന്തരം എന്റെ അമ്മയെ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം സ്വഭാവത്തിനുടമയല്ല. പി സി ജോര്‍ജ് എന്ന വ്യക്തിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ഭാഗമാണ് പുറത്ത് വന്നത് അതിന്റെ അജണ്ടയെന്താണ്. എനിക്ക് ജീവിക്കണം. മക്കളെ വളര്‍ത്തണം. അദ്ദേഹം എന്തെങ്കിലും എഴുതി തന്നിട്ടുണ്ടെങ്കില്‍ പുറത്ത് വിടട്ടെ.’ സ്വപ്‌ന സുരേഷ് പറഞ്ഞു.

താന്‍ അഭിമുഖം ചെയ്തതിന് ശേഷം നിരവധി പേരെ കണ്ടിട്ടുണ്ട് എന്നാണ് പി സി ജോര്‍ജിനെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനോടുള്ള മറുപടി. തുറന്നു പറഞ്ഞ കാര്യങ്ങളെല്ലം പറയേണ്ട സമയമായപ്പോഴാണ് പറയുന്നത്. ഇനിയും പറയാനുണ്ട്. കോണ്‍സുലേറ്റില്‍ നിന്നും കറന്‍സി നിറച്ച് ബാഗ് കൊണ്ടുപോയി. കറന്‍സി ആയിരുന്നു. മുഖ്യമന്ത്രിയുടെ ബാഗായത് കൊണ്ട് പറഞ്ഞത് പ്രകാരം വിദേശത്തേക്ക് അയക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ആരേയും അപകീര്‍ത്തിപ്പെടുത്താന്‍ അല്ല. ആര് മുഖ്യമന്ത്രിയായാലും ശരി, അവര്‍ ഉണ്ടാക്കികൊണ്ടുവരുന്ന വരുമാനം എന്റെ വീട്ടിലേക്ക് അല്ല. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് സ്ത്രീകളും വ്യക്തികളുമെല്ലാം സുഖകരമായി ജീവിക്കുന്നത്. എന്നാല്‍ എന്റെ സ്ഥിതി മറിച്ചാണ്. പ്രസ്താവനയില്‍ മാറ്റമില്ല. പതിനാറ് മാസം ജയിലില്‍ കിടന്നു. അവര്‍ എന്നെ ദുരുപയോഗം ചെയ്തു. കേസിനെകുറിച്ച് സംസാരിക്കാന്‍ കഴിയില്ല. താന്‍ പ്രതിയാണ് അന്വേഷണ ഏജന്‍സിയെകുറിച്ചൊന്നും പറയാന്‍ ഞാന്‍ യോഗ്യയല്ലെന്നും സ്വപ്‌ന സുരേഷ്.