അനധികൃത മത്സ്യബന്ധനം: പൊന്നാനിയിലും താനൂരിലും വള്ളങ്ങൾ പിടിച്ചെടുത്തു
പൊന്നാനി: അനധികൃത മത്സ്യബന്ധനം നടത്തിയതിന് പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ മൈന വള്ളവുമാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുന്ന ചെറു മത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ
ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
നിയമാനുസൃതമായ കുറഞ്ഞ വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണമായത്. തുടർന്ന് ജില്ലയിൽ നടത്തിയ കർശന പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി.
എക്സ്റ്റൻഷൻ ഓഫീസർമാരായ ഗ്രേസി,അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസറായ കെ.പി അംജത്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ ഷൂറി , എ.സുലൈമാൻ ഇബ്രാഹിംകുട്ടി, റസ്ക്യൂ ഗാഡുമാരായ ജാഫർ , അൻസാർ സമീർ സലിം, അസ്ഹർ, കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ. രാജ്മോഹൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.