വിദഗ്ദ ചികിത്സക്ക് എയർ ആംബുലൻസ് ലഭിച്ചില്ല; ലക്ഷദ്വീപിൽ വയോധികന് ദാരുണ മരണം

കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ലഭിക്കാത്തതിനാൽ ലക്ഷദ്വീപിൽ വയോധികൻ മരിച്ചു. അമിനി ദ്വീപ് വളപ്പ് ഹംസക്കോയയാണ് (80) മരിച്ചത്. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങവേ വീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കാൻ നിർദേശിച്ചെങ്കിലും എയർ ആംബുലൻസ് ലഭിച്ചില്ല.

36 മണിക്കൂറോളം ഹെലികോപ്റ്ററിനായി ബന്ധുക്കൾ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല . വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. മോശം കാലാവസ്ഥ മൂലമാണ് എയർ ആംബുലൻസുകൾ സർവീസ് നടത്താത്തതെന്നു പറഞ്ഞ അധികൃതർ ദ്വീപിലെത്തിയ കേന്ദ്ര മന്ത്രിക്കായി ഇതേ ഹെലികോപ്റ്റർ വിട്ടു നൽകുകയും ചെയ്തു. ഇത് വിവാദമായി. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലായി ഗുരുതരാവസ്ഥയിലുള്ള അഞ്ച് രോഗികൾ കൂടി എയർ ആംബുലൻസ് സേവനം കാത്തിരിക്കുന്നുണ്ട്.

മെഡിക്കൽ ഡയറക്ടറുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സേവനം തേടിയപ്പോൾ അമിനി ആശുപത്രിയിൽ നിന്നു ലഭിച്ച റിപ്പോർട്ട് പ്രകാരം രോഗി ഗുരുതര അവസ്ഥയിൽ അല്ലെന്നായിരുന്നു പ്രതികരണമെന്നു മരിച്ച ഹംസക്കോയയുടെ ബന്ധു പറയുന്നു. എന്നാൽ, എയർ ആംബുലൻസിന്റെ സേവനം തേടിയതായി ആശുപത്രിയിലെ ഡോക്ടർമാർ ആദ്യഘട്ടത്തിൽ തന്നെ വെളിപ്പെടുത്തിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.