സ്വർണക്കടത്ത് കേസിൽ ഇഡി, സ്വപ്‌നയുടെയും ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് പരിശോധിക്കും

സ്വർണക്കടത്ത് കേസിൽ ഇഡി, സ്വപ്‌നയുടെയും ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് പരിശോധിക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വീണ്ടും നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ്. സ്വപ്ന സുരേഷിന്റെയും, കെ ടി ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് ഇഡിക്ക് ലഭിച്ചു. എൻ ഐ എ ആണ് ഇ മെയിൽ ഡംപ്‌സ് കൈമാറിയത്. ഔദ്യോഗിക വിലാസത്തിലുൾപ്പെടെ സ്വപ്ന സുരേഷും, കെ ടി ജലീലും, എം ശിവശങ്കറും നടത്തിയ ഇ മെയിൽ ആശയ വിനിമയങ്ങൾ ഇ ഡി അന്വേഷണത്തിലും ഏറെ നിർണ്ണായകമാണ്.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ രഹസ്യമൊഴി അടിസ്ഥാനമാക്കി ഇ ഡി അന്വേഷണം മുറുകുമ്പോൾ തന്നെയാണ് കൂടുതൽ ഡിജിറ്റൽ തെളിവുകളും പരിശോധിക്കുന്നത്. സ്വപ്ന സുരേഷ്, മുൻ മന്ത്രി കെ ടി ജലീൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവരുടെ ഇ മെയിലുകൾ നേരത്തെ എൻ ഐ എ ശേഖരിച്ചിരുന്നു. എൻ ഐ എ യുടെ കൈവശമുള്ള ഇ മെയിൽ ഡംപ്‌സാണ് ഇ ഡി യും പരിശോധിക്കുന്നത്. സ്വപ്ന മജിസ്‌ട്രേറ്റ് കോടതികളിൽ നൽകിയ രഹസ്യമൊഴികൾ പരിശോധിച്ച് രണ്ട് ദിവസങ്ങളിലായി പതിനൊന്ന് മണിക്കൂർ നീണ്ട മൊഴിയെടുക്കൽ നടപടികൾ ഇ ഡി പൂർത്തിയാക്കിയിരുന്നു.

യു എ ഇ കോൺസുലേറ്റിലെ ഔദ്യോഗിക വിലാസത്തിൽ നിന്നയച്ച ചില മെയിലുകളുടെ പകർപ്പുകൾ സ്വപ്ന തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. നയതന്ത്ര പരിരക്ഷയുണ്ടെന്ന് ബോധിപ്പിക്കാനായിരുന്ന സ്വപ്ന മെയിൽ വിവരങ്ങൾ നൽകിയത്. ഡോളർ കടത്തു കേസിലെ രഹസ്യമൊഴി കസ്റ്റംസിന്റെ എതിർപ്പിനെ തുടർന്ന് ഇ ഡിക്ക് കോടതി കൈമാറിയിരുന്നില്ല. ഡോളർ കടത്തു കേസിലായിരുന്നു ഇ മെയിൽ സന്ദേശങ്ങൾ പ്രധാന തെളിവായി മാറുന്നത്. ഈ രഹസ്യമൊഴി ലഭിക്കാത്തതിനാൽ എൻ ഐ എ കൈമാറിയ ഇ മെയിൽ ആർക്കെവ്‌സ് കൂടി പരിശോധിച്ചായിരിക്കും ഇ ഡി യുടെ തുടർനീക്കങ്ങൾ.