30 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ പ്രമേഹ-ബിപി ചികിത്സ; വൃക്കരോഗം തടയാന്‍ പദ്ധതിയുമായി സര്‍ക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ജീവിതശൈലീ രോഗമുള്ളവരെ നേരത്തേ തന്നെ കണ്ടെത്തി ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധനയും വൈദ്യസഹായവും ബോധവല്കരണവും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ രാമചന്ദ്രന് കടന്നപ്പള്ളിയുടെ സബ്മിഷന് മറുപടിയായാണ് വീണാ ജോര്‍ജിന്റെ പ്രഖ്യാപനം.
‘പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗത്തിലേക്ക് നയിക്കുന്നത്. ഇതു മുന്നേ തന്നെ കണ്ടെത്തുകയാണ് ലക്ഷ്യം. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ പരിശോധന നടത്തി ഡയറക്ടറി തയ്യാറാക്കും. 30 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഇതില്‍ സൗജന്യ ചികിത്സ നല്‍കും,’ ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 97 ആശുപത്രികളിലും 10 മെഡിക്കല്‍ കോളേജുകളിലും വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. രോഗികള്‍ക്ക് സ്വയം ചെയ്യാവുന്ന വെക്ടോറിയല്‍ ഡയാലിസിസ് സംവിധാനവും നടപ്പാക്കും. ഇതിനായി 11 ജിലക്കളില്‍ രജിസ്ട്രേഷന് ആരംഭിച്ചു. അവശേഷിക്കുന്ന മൂന്ന് ജില്ലകളിലേക്ക് പദ്ധതി വൈകാതെ തന്നെ വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.