വിദ്യാഭ്യാസ രംഗത്ത് വിസ്മയം തീര്‍ത്ത് മലപ്പുറം നഗരസഭ; 400 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നൽകി

മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സി.യു.ഇ.ടി (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരിശീലനം പൂര്‍ത്തിയായി. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ 400 വിദ്യാര്‍ഥികള്‍ക്കാണ് നഗരസഭയുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരത്തിലൊരു പദ്ധതി നടപ്പില്‍ വരുത്തുന്നതെന്നും മലപ്പുറത്തെ ടോപ്പേഴ്‌സ് ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മുജീബ് കാടേരി പറഞ്ഞു. 

പ്രതിവര്‍ഷം 200 വിദ്യാര്‍ഥികള്‍ക്കെങ്കിലും പ്രവേശനം ലഭ്യമാക്കി അഞ്ച് വര്‍ഷം കൊണ്ട് 1000 വിദ്യാര്‍ഥികളെ കേന്ദ്ര സര്‍വകലാശാലയിലെത്തിക്കുന്ന പദ്ധതിയാണ് മിഷന്‍ തൗസന്‍ഡ്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡിസൈന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ടെക്‌നോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് തുടങ്ങിയ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച 47 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടിയിരുന്നു.

ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.കെ സക്കീര്‍ ഹുസൈന്‍, സിദ്ദീഖ് നൂറേങ്ങല്‍, മറിയുമ്മ ഷരീഫ് കോണോതൊടി, സി.പി ആയിഷാബി, കൗണ്‍സിലര്‍മാരായ സി. സുരേഷ് മാസ്റ്റര്‍, മഹ്മൂദ് കോതേങ്ങല്‍, ആമിന പാറച്ചോടന്‍, ട്രൈനര്‍മാരായ പി.കെ നിംഷിദ്, എം ജൗഹര്‍, നയീം, സി.എ റസാഖ് മാസ്റ്റര്‍, സി ജിഷ്ണു എന്നിവർ സംസാരിച്ചു.