പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ ചൊല്ലി സംഘർഷം; സ്‌കൂൾ ക്യാമ്പസിൽ വൻ പ്രതിഷേധം

ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കല്ലുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്‌കൂളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കടലൂർ ജില്ലയിൽ പെരിയനെസലൂരിലെ ശ്രീമതി രാമലിംഗത്തിന്റെ മകളായ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. കണിയാമൂരിലെ സ്വകാര്യ സ്‌കൂളിൽ ഹോസ്റ്റലിൽ താമസിച്ച വിദ്യാർത്ഥിനി അദ്ധ്യാപകരുടെ പീഡനത്തിനെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ അന്വേഷണം നടത്താൻ പോലീസ് തയ്യാറായില്ല. ഇതിനെതിരെ കുടുംബം പ്രതിഷേധം തുടരുകയാണ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിച്ചിപുന്നു. ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 5 ദിവസമായി വിദ്യാർത്ഥിനിയുടെ മാതാപിതാക്കളും ബന്ധുക്കളും സമരത്തിലാണ്.

ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ സ്‌കൂൾ ക്യാമ്പസിൽ ആക്രമണം അഴിച്ചുവിട്ടത്. സ്‌കൂളിന് നേരെ കല്ലെറിഞ്ഞ വിദ്യാർത്ഥികൾ ക്യാമ്പസിലെ ബസ്സുകൾ അടിച്ച് തകർത്തു. കുറേയേറെ പേർ ചേർന്ന് ബസ് മറിച്ചിടാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നു. ട്രാക്ടർ കൊണ്ടുവന്ന് ബസിനെ ഇടിക്കുകയും, പിന്നാലെ ട്രാക്ടർ കത്തിക്കുകയും ചെയ്തു.

ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാർ വെറുതെ വിട്ടില്ല. പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ ഡിഐജിക്കും 20 ഓളം കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. തുടർന്ന് സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തുകയും ആകാശത്തേക്ക് വെടിവെയ്‌ക്കുകയും ചെയ്തു.