കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി ആശ ശരത്ത്.

കൊച്ചി: കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പാണ് താരം അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍ സെന്‍റര്‍ മൊബൈല്‍ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും.

കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവില്‍ താത്പര്യമുള്ളവര്‍ക്കെല്ലാം കലകള്‍ പഠിക്കാന്‍ അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നത്. ആപ്പ് വഴി കലകള്‍ അഭ്യസിക്കുന്നതിന് പ്രതിമാസം 80 രൂപ മാത്രമാണ് ഫീസ്. ഫീസ് കൊടുക്കാന്‍ സാധിക്കാത്തവരെ താരം സൗജന്യമായി പഠിപ്പിക്കും.

തുടക്കക്കാര്‍ക്കും നേരത്തെ പരിശീലനം നേടിയിട്ടുള്ളവര്‍ക്കും ഒരുപോലെ ആപ്പില്‍ നിന്ന് കലകള്‍ അഭ്യസിക്കാം. റെക്കോഡ് ചെയ്ത ക്ലാസുകളാണ് ആദ്യഘട്ടത്തിലുള്ളത്. ആശ ശരത്ത് കള്‍ച്ചറല്‍ സെന്‍റര്‍ പ്രാണ ഇന്‍സൈറ്റുമായി സഹകരിച്ച്‌ പുറത്തിറക്കുന്ന ആപ്പ് ആന്‍ഡ്രോയിഡ്, ആപ്പിള്‍ പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാകും.