കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മൂന്ന് യാത്രികരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിൽ എടുത്തു.
വിമാനത്താവളത്തിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് രഹസ്യമായി കടത്താൻ ശ്രമിച്ച നാല് കിലോ സ്വർണം പിടികൂടിയത്. വിദേശത്തു നിന്നും സ്വർണവുമായി എത്തിയ ഫഹദ്, റമീസ്, നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഫഹദിൽ നിന്നും 1168 ഗ്രാം സ്വർണ മിശ്രിതവും, റമീസിൽ നിന്നും 1.86 കിലോ സ്വർണവുമാണ് പിടികൂടിയത്. നിസാമുദ്ദീനിൽ നിന്നും 1782 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. മിക്‌സിയിലൊളിപ്പിച്ച് ആയിരുന്നു റമീസ് സ്വർണം കടത്താൻ ശ്രമിച്ചത്.
പുലർച്ചെയെത്തിയ ഇൻഡിഗോ വിമാനത്തിലാണ് മൂന്ന് പേരും സ്വർണവുമായി എത്തിയത് എന്നാണ് വിവരം. വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതരെവെട്ടിച്ച് സ്വർണവുമായി പുറത്തുകടന്ന നിസാമുദ്ദീനെ പോലീസ് ആണ് പിടികൂടിയത്.