ശാന്തിയുടെ കര്‍മപഥത്തില്‍ നിന്നും ജോസഫ് പടിയിറങ്ങി
തിരൂര്‍: ശാന്തിയുടെ പോലീസ് ദൂതനായി തീരമേഖലയിലുള്‍പ്പടെ മാതൃകാ പ്രവര്‍ത്തനം നടത്തിയ അഡീഷനല്‍ എസ്‌ഐ ജോസഫ് സേനയില്‍ നിന്നും പടിയിറങ്ങി. ഒമ്പതു വര്‍ഷത്തോളം തിരൂരിന്റെ കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തീരദേശത്തടക്കം സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തി കൂടിയായിരുന്നു. തീരദേശ സമാധാന കമ്മിറ്റിയുടെ രണ്ടു മേഖല കമ്മിറ്റികളിലായി 13ഓളം പ്രാദേശിക കമ്മിറ്റികളുടെ 2018 മുതലുള്ള നോഡല്‍ ഓഫീസറാണ് ജോസഫ്. കൂടാതെ ജനമൈത്രി പോലീസിന്റെ കമ്യൂണിറ്റി റിലേഷന്‍ ഓഫിസര്‍ കൂടിയാണ് അദ്ദേഹം.
വര്‍ഷങ്ങളായി സംഘര്‍ഭരിതമായിരുന്നു തിരൂരിന്റെ തീരമേഖല. രാഷ്ട്രീയ സംഘര്‍ഷങ്ങളും മോഷണവും ലഹരി വില്‍പ്പനയും വ്യാപകമായിരുന്നു തീരദേശത്ത്. 2018ല്‍ ജോസഫ് തീരമേഖലയുടെ ചുമതലയേറ്റതോടെയാണ് തീരമേഖല ശാന്തമാകാന്‍ തുടങ്ങിയത്. ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നുള്ള പ്രവര്‍ത്തനം പോലീസിനെ കൂടുതല്‍ ജനകീയമാക്കി. തീരവാസികള്‍ പോലീസിന്റെ നല്ല സുഹൃത്തുക്കളായി. പ്രശ്‌നങ്ങളെയെല്ലാം സമാധാനത്തോടെ കേട്ട് നിഷ്പക്ഷമായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതോടെ തീരവാസികളുടെ വിശ്വാസം നേടിയെടുത്തു.
2017ല്‍ തീരദേശത്തു നിന്നുണ്ടായ അനുഭവം അദ്ദേഹം ഇന്നും മനസില്‍ സൂക്ഷിക്കുന്ന ഒന്നാണ്. പടിഞ്ഞാറേക്കര സ്‌കൂളില്‍ വാര്‍ഷികാഘോഷത്തിന് പങ്കെടുക്കാന്‍ പോയ വേളയില്‍ സ്‌കൂളിലെ 19 പെണ്‍കുട്ടികള്‍ അദ്ദേഹത്തിനൊരു മെമ്മോറാണ്ടം നല്‍കി. തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തണമെന്നും വ്യാപകമാകുന്ന മോഷണം തടയണമെന്നുമായിരുന്നു മെമ്മോറാണ്ടത്തില്‍. യുവതലമുറയിലൂടെ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന ബോധ്യമാണ് അദ്ദേഹത്തിന് ഇതിലൂടെ കൈവന്നത്. തുടര്‍ന്ന് 2018ല്‍ തീരമേഖയുടെ ചുമതലയേറ്റതു മുതല്‍ ആത്മാര്‍ത്ഥമായി തന്നെ ആ കുട്ടികളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ശ്രമിക്കുകയായിരുന്നു അദ്ദേഹം. അന്ന് സ്‌കൂള്‍ വാര്‍ഷിക പരിപാടിയില്‍ പിടിഎ അംങ്ങള്‍ക്കാര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വിവിധ കേസുകളെ തുടര്‍ന്ന് അവരെല്ലാം ഒളിവിലായിരുന്നു. ഇതാണ് കുട്ടികളെ ഏറെ വേദനിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സ്‌കൂളില്‍ മറ്റൊരു ചടങ്ങളില്‍ പങ്കെടുക്കുമ്പോള്‍ എല്ലാ പ്രാദേശി രാഷ്ട്രീയ നേതാക്കളെയും കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയകാലത്തും ജോസഫ് എന്ന കര്‍മധീരനായ പോലീസുകാരന്റെ കരുതല്‍ ജനം തിരിച്ചറിഞ്ഞു. ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയപ്പോള്‍ ആയിരക്കണക്കിന് ജനങ്ങളെയാണ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷിച്ചത്.
രണ്ടു മാസത്തെ ലീവ് ബാക്കിയുണ്ടെങ്കിലും അതു പോലും എടുക്കാതെ കര്‍മനിരതനാകുകയാണ് ജോസഫ്. സര്‍വീസില്‍ നിന്നും പിരിഞ്ഞതിനു ശേഷം പഴയ പോലെ കാര്‍ഷിക രംഗത്തേയ്ക്ക് തിരിയാനാണ് ആലോചിക്കുന്നത്. കോട്ടയം തിരുവഞ്ചൂരാണ് സ്വദേശം. സലിന്‍ ജോസഫാണ് ഭാര്യ. കരോളിന്‍ മരിയ ജോസഫ് (അധ്യാപിക), റോബിന്‍ ജോസഫ് (ദുബായ്) എന്നിവര്‍ മക്കളാണ്. മറിയാമ്മ ദാനിയലാണ് മാതാവ്.