പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാൾ വളാഞ്ചേരി പോലീസിന്റെ പിടിയിൽ.

വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ മിലിറ്ററി ഓഫീസറാണെന്നും പറഞ്ഞ് ഇയാള്‍ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം വന്ന സ്ത്രീ കയ്യിലുണ്ടായിരുന്ന സ്വര്‍ണം ഊരിനല്‍കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നിരന്തരമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.


പ്രതി യൂസഫിനു വളാഞ്ചേരി, തീരൂർ, നല്ലളം, കൈപ്പമംഗലം, തൃശ്ശൂർ ഈസ്റ്റ്‌, നെടുപുഴ, കാട്ടൂർ, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ എന്നീ സ്റ്റേഷനുകളിലായി 25 ഓളം കേസുകൾ നിലവിൽ ഉണ്ട്. തൃശ്ശൂർ നാട്ടിക സ്വദേശിയായ ഇയാൾ ഇപ്പോൾ ചാവക്കാട് തങ്ങൾ പടിയിലാണ് താമസം. ഓരോ സ്ഥലങ്ങളിൽ കേസുകൾ ഉണ്ടാക്കിയതിനു ശേഷം ഇയാൾ കുടുംബസഹിതം മാറി താമസിക്കുകയാണ് പതിവ്. സർക്കാർ സ്ഥാപനങ്ങളിൽ സഹായവുമായി അപേക്ഷ നൽകുവാൻ വരുന്ന പ്രായമായ സ്ത്രീകളാണ് ഇയാളുടെ ഇരകൾ. മുൻ കാലങ്ങളിൽ ആശുപത്രിയിൽ കൂട്ട് നിൽക്കുന്നവരിൽ നിന്നും സമാനമായ രീതിയിൽ സ്വർണം തട്ടിയതിനും കേസുകൾ നിലവിൽ ഉണ്ട്.പ്രായമായവരുടെ വിശ്വാസം പിടിച്ചു പറ്റിയതിന് ശേഷം മകനെ വിളിക്കുകയാണെന്ന രീതിയിൽ അവരുടെ മുമ്പിൽ വച്ച് തന്നെ ഫോൺ വിളിക്കുന്ന രീതിയിൽ അഭിനയിച്ചു മകൻ പറഞ്ഞത് പ്രകാരം എന്ന നിലക്കാണ് ഭൂരിഭാഗം പേരെയും പറ്റിച്ചു സ്വർണഭരണങ്ങൾ കരസ്ഥമാക്കിയിരുന്നത്. SHO ജിനേഷ്, SI നൗഷാദ്, SI അസിസ്, SCPO പത്മിനി, cpo മാരായ ഗിരീഷ്, രജിതഎന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.