മെസിക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും വാതിലടച്ചു
മെസിയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശ്രമത്തിന് നിര്‍ണായക മാറ്റം സംഭവിച്ചിരിക്കുന്നു. സിറ്റി അവരുടെ തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞു എന്നാണ് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെസിയുടെ ബാഴ്സലോണയുമായുള്ള കരാര്‍ അടുത്ത വര്‍ഷം ജൂണില്‍ അവസാനിക്കാന്‍ നില്‍ക്കെയാണ് മെസിക്ക് പിന്നാലെ സിറ്റി ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണില്‍ സിറ്റി മെസിക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു.
‘മാഞ്ചസ്റ്റര്‍ സിറ്റി മെസിക്കായുള്ള വാതിലടച്ചു, ഇനി ഓഫറുകള്‍ ഉണ്ടാവില്ല’ സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
മെസിയില്‍ നിന്നുള്ള പിന്മാറ്റത്തിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
‘മെസിയുടെ കരിയറിന്‍റെ അസ്തമയ കാലമാണിത്, കഴിഞ്ഞ 17 വര്‍ഷം ബാഴ്സയില്‍ കണ്ട മെസിയില്‍ നിന്നും ഇപ്പോള്‍ മെസി ഒരുപാട് മാറിയിരിക്കുന്നു’, കോവിഡ് സാഹചര്യത്തില്‍ മെസിയെ വാങ്ങുന്നത് സാമ്പത്തികമായും പ്രയാസമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മെസി ഫ്രീ ട്രാന്‍സ്ഫറില്‍ വന്നാലും മെസിയുടെ ശമ്പളം തന്നെ ഒരു ക്ലബിനും ഈ സാഹചര്യത്തില്‍ വഹിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
മുപ്പതിലേക്ക് കടന്നതോടെ മെസി താഴോട്ട് പോയിട്ടുണ്ട്, അവസാന സീസണില്‍ 31 ഗോളുകളും 27 അസിസ്റ്റുമാണ് താരം കണ്ടെത്തിയത്. തൊട്ടുമുമ്പത്തെ സീസണില്‍ അദ്ദേഹം 50 കളികളില്‍ നിന്നും 51 ഗോളുകളും 20 അസിസ്റ്റും നേടിയിരുന്നു.
മെസി ബാഴ്സയില്‍ കരിയര്‍ അവസാനിപ്പിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പെപ് ഗാര്‍ഡിയോള കഴിഞ്ഞ ശനിയാഴ്ച്ച പ്രഖ്യാപിക്കുകയും ചെയ്തു.
‘ലിയോ ഒരു ബാഴ്സ താരമാണ്’ ഗാര്‍ഡിയോള പറഞ്ഞു.
ഞാന്‍ പ്രതീക്ഷിക്കുന്നത് മെസി ബാഴ്സയില്‍ തുടരുമെന്നാണ്, അദ്ദേഹം അവിടെ നിന്നും വിരമിക്കണമെന്നാണ് എന്‍റെ ആഗ്രഹം. ഞാന്‍ ഇത് ആയിരം തവണ പറഞ്ഞിട്ടുണ്ട്, ഒരു ആരാധകന്‍ എന്ന അര്‍ത്ഥത്തില്‍ എന്‍റെ ആഗ്രഹം അതാണ്, പക്ഷേ അദ്ദേഹത്തിന്‍റെ ചിന്ത എന്താണെന്ന് എനിക്കറിയില്ല’ അദ്ദേഹം പറഞ്ഞു.