അടുത്ത നാല് ദിവസം അതിതീവ്ര മഴ തുടരും; ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ തുടർച്ചയായി പെയ്യുന്ന മഴ കണക്കുകൂട്ടൽ തെറ്റിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. കതന്ന മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാമെന്നു കാലാവസ്ഥ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച മുതൽ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.
മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമർദമായി മാറിയേക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടൽക്ഷോഭത്തിനും സാധ്യത ഉണ്ട്. ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ വരുന്ന നാലു ദിവസവും കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
രണ്ട് പ്രളയങ്ങൾ കണ്ട കേരളം മൂന്നാം പ്രളയത്തിലേക്കാണോ നീങ്ങുന്നതെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. മഴയുടെ തോത് വർധിക്കുന്നത് കനത്ത ആശങ്കകൾക്കാണ് വഴിവെക്കുന്നത്.
റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
01/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
02/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
03/08/2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04/08/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
01/08/2022: തൃശ്ശൂർ, മലപ്പുറം
02/08/2022: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
03/08/2022: തിരുവനന്തപുരം, കണ്ണൂർ
04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
05/08/2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
01/08/2022: പാലക്കാട്, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ്
02/08/2022: വയനാട്,കണ്ണൂർ, കാസർഗോഡ്
03/08/2022: കാസർഗോഡ്
04/08/2022: തിരുവനന്തപുരം, കൊല്ലം
05/08/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം