ശ്രീറാം വെങ്കിട്ടരാമനെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ജില്ലാകളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ജില്ലാകളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. സിവിൽ സപ്ളൈസ് കോർപ്പറേഷൻ ജനറൽ മാനേജരായാണ് പുതിയ നിയമനം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്‌ണ തേജയാണ് ആലപ്പുഴ കളക്ടർ. ശ്രീറാമിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും കേരള മുസ്ളിം ജമാഅത്തും എ.പി സുന്നി വിഭാഗവും രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ശ്രീറാമിനെ മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. കേസ് അവസാനിച്ച ശേഷം മതി ഇനി കളക്ടറായി നിയമനമെന്നാണ് നിർദ്ദേശം. സപ്ളൈക്കോയുടെ കൊച്ചി ഓഫീസിലാകും ശ്രീറാം പ്രവർത്തിക്കുക. ശ്രീറാമിന്റെ ഭാര്യ രേണുരാജാണ് എറണാകുളം കളക്ടർ.
മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ എൻ. ദേവിദാസിന് പിന്നാക്ക വിഭാഗ കോർപ്പറേഷൻ എം.ഡിയുടെയും അനുപം മിശ്രയ്ക്ക് പട്ടികജാതി വികസന ഡയറക്ടറുടെയും അധികച്ചുമതല നൽകി.