ഭൂമി കയ്യേറുകയും സര്‍വ്വെ നടത്തുകയും ചെയ്തതായി പരാതി


മലപ്പുറം: നിയമ പ്രകാരം വാങ്ങിയ ഭൂമി കയ്യേറി തന്റെ അറിവോ സമ്മതമോ ഇല്ലാതെ സര്‍വ്വെ നടത്തിയതായി പരാതി.
മുതുവല്ലൂര്‍ മുണ്ടക്കുളം സ്വദേശി മാടത്തും കണ്ടി വീട്ടില്‍ സജീവാണ് പരാതിക്കാരന്‍.
പുളിക്കല്‍ വില്ലേജിലെ 25 സെന്റ് ഭൂമി ചെറുകുന്ന് കേശവന്റെ മകന്‍ ഷണ്‍മുഖനില്‍ നിന്ന് 2016 ലാണ് സജീവ് വാങ്ങിയത്.ബ്ലോക്ക് 8 റി സ 288/6 പ്രകാരം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്തര്‍ ചെയ്യുകയും സജീവിന്റെ പേരില്‍ ഇതു വരെ നികുതി അടക്കുകയും ചെയ്യുന്നുണ്ട്. കുടിക്കിട സര്‍ട്ടിഫിക്കറ്റും കൈവശ സര്‍ട്ടിഫിക്കറ്റും തന്റെ പേരില്‍തന്നെയാണെന്ന് സജീവ് പറഞ്ഞു.
കഴിഞ്ഞ ജൂലായ് നാലിന് അതിര് തിരിച്ച് കല്ലിടുമ്പോഴാണ് തന്റെ ഭൂമിയില്‍ സര്‍വ്വെ നടത്തിയതായി സജീവ് അറിയുന്നത്. ഉടനെ പൊലീസില്‍ വിവരമറിയിക്കുകയും അതിര്‍ത്തി നിശ്ചക്കുന്ന നടപടികള്‍ നിര്‍ത്തി വെക്കാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു.സംഭവം സംബന്ധിച്ച് താലൂക്ക് ഓഫീസിനെ സമീപിച്ചപ്പോള്‍ സര്‍വ്വേ പ്രകാരം ഈ ഭൂമി മുജീബ് റഹ്മാന്‍ എന്ന് വ്യക്തിയുടെതാണെന്നാണ് അറിയിച്ചത്. അങ്ങനെയെങ്കില്‍ താന്‍ വര്‍ഷങ്ങളോളം നികുതിയടച്ച് വരുന്ന ഭൂമി കാണിച്ച് തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ക്ക് മറുപടിയില്ലെന്ന് സജീവ് പറഞ്ഞു.

ചില ഭൂമാഫിയകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന താലൂക്ക് ഓഫീസ് സര്‍വ്വെ വിഭാഗത്തിലെ ചിലരുമാണ് ഇതിന് പിന്നിലെന്ന് സജീവ് ആരോപിച്ചു. വന്ന് തനിക്ക് നീതി കിട്ടണമെന്നും കൊണ്ടോട്ടി താലൂക്ക് ഓഫീസും പുളിക്കല്‍ വില്ലേജ് ഓഫീസും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂ മാഫിയയെ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും കൊണ്ടോട്ടി പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.ഹരീഷ് ചെറുകുന്ന്, സി ഉണ്ണികൃഷ്ണന്‍, ശിവദാസന്‍ ധരണിക്കാവില്‍ എന്നവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.