നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താൻ ശ്രമം
നിലമ്പൂർ: നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താനുള്ള ശ്രമത്തിനിടെ വനം ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. കോഴിക്കോട് വിജിലൻസ് ഡിഎഫ്ഒ പി.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റേഞ്ച് ഓഫിസർ എം.രമേശൻ്റ നേതൃത്വത്തിൽ പുല്ലഞ്ചേരിയത്. വാഴത്തോപ്പിൽ കരിമ്പുഴയോരത്ത് നിന്ന് പിടികൂടി.
മലവെള്ളപ്പാച്ചിലിൽ ഒഴുകി എത്തിയതാണെന്ന് സംശയിക്കുന്നു. മറ്റൊരിടത്ത് വച്ച് യന്ത്രവാൾ ഉപയോഗിച്ച് 9 കഷണങ്ങളാക്കി കടത്തിപ്പോകാൻ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ്. മൊത്തം 2 ലക്ഷം രൂപ വിലമതിക്കും. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.മോഹന കൃഷ്ണൻ, എൻ.പി.പ്രദീപ്കുമാർ, എം.ശ്രീജിത്ത്, സി.അബ്ദുൽ നാസർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തടികൾ തുടരന്വേഷണത്തിന് പനയംകോട് എസ്എഫ്ഒ പി.എൻ.സജീവന് കൈമാറി.