AISF വനിതാനേതാവും കുടുംബവും വാറ്റുചാരായവുമായി പിടിയിൽ

കൊല്ലം: വാറ്റു ചാരായവുമായി എഐഎസ്എഫ് വനിതാ നേതാവും കുടുംബവും എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് പത്തു ലിറ്റർ വാറ്റുചാരായവുമായി ഇവർ പിടിയിലായത്. എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗവും ശൂരനാട് മണ്ഡലം പ്രസിഡന്റുമായ ശൂരനാട് വടക്ക് ഇടപ്പനയം അമ്മുനിവാസില്‍ അമ്മു (25), സഹോദരന്‍ അപ്പു (23), അമ്മ ബിന്ദു ജനാർദനൻ(45) എന്നിവരാണ് അറസ്റ്റിലായത്.

പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്തു. റെയ്ഡിനായെത്തിയ വനിതാ ഉദ്യോഗസ്ഥരെയടക്കം ഇവർ ആക്രമിച്ചു. ബിന്ദുവിന്റെ പേരില്‍ നേരത്തേയും അബ്കാരി കേസുണ്ട്. കാലങ്ങളായി ചാരായംവില്‍പ്പന നടത്തിവരികയായിരുന്നു. ഇതിനെതിരേ നിരന്തര പരാതികളും ലഭിച്ചിരുന്നു.

അമ്മുവിന്റെ രാഷ്ട്രീയ ബന്ധം മറയാക്കിയായിരുന്നു കച്ചവടമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സുസൂരി ബാർ എന്നാണ് അറിയപ്പെട്ടിരുന്ന സമാന്തര മദ്യ വില്പനശാലയിൽ നിന്ന് ഗ്ലാസുകളുിലും കുപ്പികളിലുമാണ് വില്പന നടത്തിയിരുന്നത്. 750 മില്ലി ചാരായത്തിന് 1000 മുതൽ 1500 രൂപ വരെ ഈടാക്കിയായിരുന്നു വില്പന.

എക്‌സൈസ് സംഘത്തെ ആക്രമിച്ച ജനാര്‍ദനനും കൂട്ടുപ്രതികളും സംഭവത്തിനുശേഷം ഒളിവില്‍പ്പോയിരുന്നു. എന്നാൽ ഇവരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

അതേസമയം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അമ്മു ബി.ജനാര്‍ദനനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നും പാര്‍ട്ടി ബഹുജനസംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ നിന്നും പാർട്ടി പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഖിൽ ജി ശൂരനാട് അറിയിച്ചു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.വിഷ്ണു, പ്രിവന്റീവ് ഓഫീസര്‍ മനോജ് ലാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിധിന്‍, അജിത്, ജൂലിയന്‍ ക്രൂസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗ, ശാലിനി ശശി, ജാസ്മിന്‍, ഡ്രൈവര്‍ നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.