വികസന രംഗത്തെന്ന പോലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും കേരളം രാജ്യത്തിന് മാതൃക: ഡോ. പി. ശിവദാസ്
തിരുനാവായ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍’ വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
രാജ്യത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ തന്നെയാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും തുടക്കം കുറിച്ചതെന്ന് കോഴിക്കോട് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. പി. ശിവദാസ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലി മരയ്ക്കാറും പഴശ്ശിരാജയുമുള്പ്പടെയുള്ളവര് ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ക്ക് 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമര ചരിത്രത്തേക്കാള്‍ പഴക്കമുണ്ടെന്നും അതിനാല്‍ തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത് കേരളത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും റി എക്കൗയും എന്‍.എസ്.എസ് ജില്ലാ യൂനിറ്റും സംയുക്തമായാണ് തിരുന്നാവായ എം.എം.ടി ഹാളില്‍ പ്രഭാഷണം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കൈവഴികളില്‍ ചരിത്രത്തിന്റെ ഭാഗമായ മലബാറിലെ പ്രക്ഷോഭങ്ങളും ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളും വിദ്യാര്‍ത്ഥികളുള്‍പ്പടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിധത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
‘ഹര് ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
റി എക്കൗ പ്രസിഡന്റ് സി. കിളര് പതാക ഉയര്‍ത്തി. തിരുന്നാവായ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. മുഹമ്മദ് അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര് പ്രസാദ്, റി എക്കൗ ഉപദേശക സമിതി അംഗം കാടാമ്പുഴ മൂസ്സ ഗുരുക്കള്‍, മാമാങ്ക സ്മാരകം കെയര്‍ ടേക്കര്‍ ഉമ്മര്‍ ചിറക്കല്‍, റി എക്കൗ ജനറല്‍ സെക്രട്ടറി അഷ്ക്കര്‍ പല്ലാര്‍, മാമാങ്ക സ്മാരക സംരക്ഷണ സമിതി കണ്‍വീനര്‍ കെ. പി അലവി, മാമാങ്കം സ്മാരക ട്രസ്റ്റ് സെക്രട്ടറി വാഹിദ് ആയപള്ളി, ചങ്ങമ്പള്ളി ഉമ്മര്‍ ഗുരുക്കള്‍, എം.കെ സജീഷ്ബാബു, ഇ.പി അബദുല്‍ മജീദ്, എം.പി മുസ്തഫ, എം.പി.എ ലത്തീഫ്, സി.പി സുലൈമാന്‍ വിവിധ സ്ഥാപനങ്ങളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
‘സ്വാതന്ത്ര്യ സമരവും തിരുന്നാവായയും ചരിത്ര ലഘുലേഖ’ വിതരണം സല്മാന് കരിമ്പനക്കല്‍, കെ.വി ഉണ്ണിക്കുറുപ്പിന് നല്കി നിര്‍വഹിച്ചു. തുടര്‍ന്ന് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തിരുന്നാവായ മാമാങ്ക സ്മാരകമായ ചങ്ങമ്പള്ളി കളരി ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വാര്‍ഡ് അംഗം ഹാരിസ് പറമ്പില്‍ നിര്‍വഹിച്ചു. മോനുട്ടി പല്ലിശ്ശേരി, സലാം താണിക്കാട്, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ഹര്‍ഷാദ് എം.കെ, ഫഹദ് റഹ്മാന് കെ.കെ എന്നിവര്‍ നേതൃത്വം നല്കി.