കെടി ജലീലിന്റെ പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല, വേദനയുണ്ടാക്കി, നിര്‍ഭാഗ്യകരമെന്ന്; ഗവര്‍ണര്‍

തിരുവനന്തപുരം: കശ്മീരിനെ കുറിച്ചുള്ള മുന്‍ മന്ത്രി കെടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും നിര്‍ഭാഗ്യകരമായിപ്പോയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജലീലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ എബിവിപി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നിലവില്‍ രണ്ട് പരാതികളാണ് ജലീലിനെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്.

വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ നിന്ന് കെ ടി ജലീല്‍ എംഎല്‍എ കേരളത്തിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയില്‍ നിന്ന് പരിപാടികള്‍ റദ്ദാക്കിയാണ് ജലീല്‍ മടങ്ങിയെത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജലീല്‍ തയ്യാറായില്ല. ഇന്ന് ഉച്ചക്ക് ഡല്‍ഹിയില്‍ നിന്ന് മടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് എന്നാല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ പുറപ്പെടുകയായിരുന്നു. അതേസമയം ജലീല്‍ മടങ്ങിയത് വീട്ടില്‍നിന്ന് സന്ദേശം ലഭിച്ചതിനാലെന്ന് എ.സി.മൊയ്തീന്‍ പറഞ്ഞു.

ഇന്ന് നോര്‍ക്കയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു കെ ടി ജലീല്‍. പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായിത്. തുടര്‍ന്ന് ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയത്. അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നുമുളള പ്രതികരണവുമായി ജലീല്‍ രംഗത്തു വന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയ്ക്കായി അത് പിന്‍വലിക്കുകയാണെന്നും ജലീല്‍ പറഞ്ഞു. വിവാദമായ പരാമര്‍ശങ്ങള്‍ നീക്കി 1947ല്‍ പൂര്‍ണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി.

വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കളും ബിജെപിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് സിപിഐഎമ്മും അമര്‍ഷം അറിയിച്ചതോടെയാണ് ജലീല്‍ പരാമര്‍ശം പിന്‍വലിച്ചത്. മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.