കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ടിന് സസ്പെൻഷൻ; സിബിഐ അന്വേഷിക്കും
മലപ്പുറം:സ്വർണക്കടത്തിന് ഒത്താശയും സഹായവും ചെയ്തതിന് പോലീസ് പിടിയിലായ കരിപ്പൂർ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പയെ കസ്റ്റംസ് പ്രിവൻറീവ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരേ കസ്റ്റംസ് കേസെടുക്കും. മുനിയപ്പയിൽനിന്ന് പോലീസ് കണ്ടെടുത്ത സ്വർണ വും പണവും കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. ഇത് ഇയാൾക്കെതിരേയുള്ള തെളിവാക്കി വാങ്ങും. ഇയാൾക്ക് എതിരെ സിബിഐക്കും ഡി.ആർ.ഐ ക്കും റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു
.
കള്ളക്കടത്ത് സ്വർണം പോലീസ് പിടിയിലായ കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ കരിയർമാർക്ക് തിരിച്ച് നൽകിയിരുന്നത് 25000 രൂപ വാങ്ങി എന്ന് പോലീസ്. സ്വർണ കടത്തുകാർക്ക് ഒപ്പം കേസിൽ മൂന്നാം പ്രതി ആയാണ് മുനിയപ്പയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് എതിരെ കസ്റ്റംസിനും സിബിഐക്കും ഡി.ആർ.ഐ ക്കും പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.
സ്വർണ കടത്തുകാർക്ക് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും സ്വർണം പുറത്ത് സുരക്ഷിതമായി എത്തിക്കാനും വേണ്ട എല്ലാം പിന്തുണയും ഒത്താശയും കസ്റ്റംസ് സൂപ്രണ്ട് ആയ പി മുനിയപ്പ നൽകിയിരുന്നു. പിടിച്ചെടുക്കുന്ന സ്വർണം സ്വന്തം കൈവശം സൂക്ഷിച്ച് പിന്നീട് പണവുമായി വന്നാൽ കൈമാറുന്ന രീതിയാണ് ഇയാളുടെ. എയർപോർട്ടിന് സമീപത്ത് ഉള്ള വാടക ലോഡ്ജിൽ വച്ചാണ് സ്വർണം ഇയാള് പണം വാങ്ങി തിരിച്ചു കൊടുക്കുക. സ്വർണ്ണം കൊണ്ടുവരുന്നവരുടെ പാസ്പോർട്ട് വാങ്ങി വെക്കുകയും ചെയ്യും. സ്വർണ്ണ കടത്തുകാരുടെ മൊഴി പ്രകാരം ലോഡ്ജിൽ പരിശോധന നടത്തിയ പോലീസ് മുനിയപ്പയുടെ ദേഹ പരിശോധനയില്‍ മടികുത്തില്‍ നിന്നും 320 ഗ്രാം തങ്കം കണ്ടെത്തി.
ലോഡ്ജിൽ നിന്നും കണക്കില്‍ പെടാത്ത 442980/- രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 500 യു എ ഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും മറ്റേതോ യാത്രികരുടെ 4 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തു.ഇയാൾക്ക് സ്വര്‍ണ്ണ കള്ളകടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുത്തവ കോടതിയിൽ സമർപ്പിക്കും. നിലവിൽ സി.ആർ.പി.സി 102 പ്രകാരം ആണ് സ്വർണ കടത്ത് പ്രതികൾക്ക് എതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത് .കേസിലെ മൂന്നാം പ്രതി ആണ് മുനിയപ്പ. നിലവിൽ ജാമ്യം ലഭിച്ചു എങ്കിലും ഇയാൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസ് റിപ്പോർട്ട് നൽകും. തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിന് കസ്റ്റംസിന് പുറമെ സിബിഐ, ഡി ആർ. ഐ. എന്നീ ഏജന്‍സികൾക്കും പോലീസ് റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നുണ്ട്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സൂപ്രണ്ട് പിടിയിലായതോടെ കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയും ചോദ്യം ചെയ്യപ്പെടുക ആണ്.
ചില ഉദ്യോഗസ്ഥർ തന്നെ മാഫിയക്ക് തണലൊരുക്കുന്നതായി ആരോപണം നേരത്തെ തന്നെ ഉള്ളത് ആണ്. ഈ മാസം നാലിന് കരിപ്പൂരിൽ 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.യാത്രക്കാരൻ കടത്തിയ സ്വർണ്ണ ക്യാപ്സ്യൂളുകൾ കൈക്കലാക്കിയെന്ന പരാതിയിലായിരുന്നു ഈ നടപടികസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീൽദാർ സനിത് എന്നിവരേയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.ജൂലൈ 26 ന് എത്തിയ ഷിഹാബ് എന്ന യാത്രക്കാരൻ ദേഹത്ത് ഒളിപ്പിച്ച 2 ക്യാപ്സ്യൂളുകൾ കൈക്കലാക്കിയെന്നായിരുന്നു പരാതി. കള്ളക്കടത്ത് സ്വർണം സ്വന്തമാക്കാൻ ശ്രമിച്ചതിന്റെ പേരിലായിരുന്നു നേരത്തേ ഇവർ പിടിയിലായതെങ്കിൽ സ്വർണം വിമാനത്താവളത്തിന് പുറത്തുകടത്താൻ കസ്റ്റംസ് ഉന്നതൻ നേരിട്ടിറങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്നം.