ഭക്ഷണസാധനങ്ങളില്‍ നിന്ന് കുറച്ച് മാത്രം വിതരണം ചെയ്ത് ബാക്കിയുള്ളവ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ സ്‌റ്റോക്ക് ചെയ്യുകയായിരുന്നുവെന്ന് പി വി അൻവർ എം എൽ എ

നിലമ്പൂരിന്റെ പലഭാഗത്തും ഇത്തരത്തില്‍ ഭക്ഷണസാധനങ്ങള്‍ കെട്ടിക്കിടക്കുന്നതായും എംഎല്‍എ

മലപ്പുറം: നിലമ്പൂർ നിയോജക മണ്ഡലത്തിൽ പ്രളയ സമയം ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ എത്തിച്ചു നൽകിയ ഭക്ഷണസാധനങ്ങൾ വാടക മുറിയിൽ കെട്ടിക്കിടക്കുന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

 

ഇന്നലെ രാത്രിയിൽ തന്നെ ഡിവൈഎഫ്ഐ സംഭവത്തിൽ പ്രതിഷേധിച്ച് ഭക്ഷണസാധനങ്ങൾ കെട്ടിക്കിടക്കുന്ന മുറിക്ക് സമീപം പ്രതിഷേധവും റോഡ് ഉപരോധവുമായി രംഗത്തെത്തിയിരുന്നു. പ്രളയ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണസാധനങ്ങളില്‍ നിന്ന് കുറച്ച് മാത്രം വിതരണം ചെയ്ത് ബാക്കിയുള്ളവ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ സ്‌റ്റോക്ക് ചെയ്യുകയായിരുന്നുവെന്നും ഇതിവെച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനാണ് ശ്രമമെന്നും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞു.

നിലമ്പൂരിന്റെ പലഭാഗത്തും ഇത്തരത്തില്‍ ഭക്ഷണസാധനങ്ങള്‍ കെട്ടിക്കിടക്കുന്നതായും എംഎല്‍എ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷ്യസാധനങ്ങള്‍ മാറ്റിയതായും വിമര്‍ശനമുണ്ട്.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് അന്വേഷണം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് ഇതിന് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും എംഎല്‍എ പറഞ്ഞു.