ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു.

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.

 

വിഷാദ രോഗത്തെത്തുടർന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കിടെ സ്കാനിങ്ങിലൂടെയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാൾ ആഘോഷിച്ചത്.

1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിൽ ജനനം. ഡോൺ ഡീഗോ ഡാൽമ സാൽവദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ഡീഗോ അർമാൻഡോ മാറഡോണ.

മാറഡോണയുടെ പേരിലെ അർമാൻഡോ എന്ന ഭാഗത്തിന്റെ അർഥം സൈന്യത്തിലെ അംഗം എന്നായിരുന്നു.