പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധം: കെ ജി എം ഒ എ
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന പ്രിന്‍സിപ്പാളുടെ പേരില്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ. കെ പി മൊയ്തീനും സെക്രട്ടറി ഡോ പി എം ജലാലും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ചില ഉദ്യോഗസ്ഥ ലോബികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജ് വികസനത്തിനും ജനറല്‍ ആശുപത്രി പുനസ്ഥാപിക്കുന്നതിനും തടസ്സം നില്‍ക്കുന്ന റിപ്പോര്‍ട്ട്തള്ളിക്കളയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് വേട്ടേക്കോട് സൗജന്യമായി വിട്ടു കിട്ടുന്ന 50 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ടും കെ.ജി.എം.ഒ.എ തയ്യാറാക്കിയ ഗ്രീന്‍ഫീല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടും ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതിന് അഭിപ്രായം ആരാഞ്ഞാണ് കലക്ടര്‍ പ്രിന്‍സിപ്പാളിന്റെ അഭിപ്രായം തേടിയത്.അതിലെ നിര്‍ദ്ദശങ്ങളെയെല്ലാം പാടെ നിരാകരിച്ചാണ് പ്രിന്‍സിപ്പാളിന്റെ പേരില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.50ഏക്കര്‍ ഭൂമി സൗജന്യമായി ലഭിക്കുമ്പോള്‍ 15 കോടി രൂപക്ക് രണ്ടര എക്കര്‍ ഭൂമി വാങ്ങാനുള്ള നീക്കം ദുരൂഹമാണ്.
2023 ല്‍ നടക്കാന്‍ പോകുന്ന റിന്യൂവല്‍ ഇന്‍സ്‌പെക്ഷന്റെ പേരു പറഞ്ഞാണ് അടിയന്തരമായി 2.8 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്ന് അധികൃതര്‍ വാദിക്കുന്നത്. എന്നാല്‍ 2013 ല്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന സമയത്ത് ലെറ്റര്‍ ഓഫ് പെര്‍മിഷന് വേണ്ടി മെഡിക്കല്‍ കൗണ്‍സില്‍ പരിശോധകര്‍ നടത്തിയ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടില്‍ ഈയൊരു അപര്യാപ്തത പരാമര്‍ശിച്ചിട്ടില്ല. മാത്രമല്ല നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റഗുലേഷന്‍ പ്രകാരം 2008 ന് ശേഷം നിലവില്‍ വന്ന മെഡിക്കല്‍ കോളേജുകള്‍ക്ക് 20 ഏക്കര്‍ സ്ഥലം മാത്രം മതി എന്നാണ് നിബന്ധന . പ്രിന്‍സിപ്പാളിന്റെ റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗത്ത് മെഡിക്കല്‍ കോളേജിന് പൂര്‍ണ്ണ അംഗീകാരം ലഭ്യമായി എന്ന് പറയുന്നതോടൊപ്പം മറ്റൊരു ഭാഗത്ത് മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിന് 25 ഏക്കര്‍ സ്ഥലം വേണമെന്നും പറയുന്നു.
ഒറ്റയടിയ്ക്ക് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായി മാറ്റി സ്ഥാപിക്കണമെന്നല്ല കെ ജി എം ഒ യുടെ നിര്‍ദ്ദേശം.മറിച്ച് അക്കാദമിക വിഭാഗവും കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ഹോസ്റ്റല്‍ സൗകര്യങ്ങളും ഇപ്പോള്‍ ഉള്ള സ്ഥലത്ത് തന്നെ നിലനിര്‍ത്തി മെഡിക്കല്‍ കോളേജിന്റേതായി ഒരു ആശുപത്രി പുതിയ സ്ഥലത്ത് നിര്‍മിക്കണമെന്നാണ് .കേരളത്തിലെ 5ാമത്തെ മെഡിക്കല്‍ കോളേജ് തൃശൂരില്‍ 1982 ല്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചെങ്കിലും 23 വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ലാണ് മാറ്റി സ്ഥാപിച്ചത്.
1963 ല്‍ സ്ഥാപിതമായ ആലപ്പുഴ മെഡിക്കല്‍ കോളേജ് 47 വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ലാണ് പൂര്‍ണ്ണമായും വണ്ടാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. നിലവില്‍ എന്‍.എം.സി. മാനദണ്ഡങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ 2023 ല്‍ നടക്കാന്‍ പോവുന്ന റിന്യൂവല്‍ ഇന്‍സ്‌പെക്ഷന്റെ പേരു പറഞ്ഞ് വികസനത്തിന് തടയിടുകയാണ് ഉദ്യോഗസ്ഥ ലോബിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്തുത റിപ്പോര്‍ട്ടിന്റെ പൊള്ളത്തരങ്ങള്‍ മേലധികാരികളെ കണ്ട് ബോധ്യപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.