താനൂർ സർവീസ് ഓ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയ യുവാവിനെ ബാങ്ക് ഭരണസമിതിയും ജീവനക്കാരും കബളിപ്പിക്കുന്നതായി പരാതി.
താനൂർ:താനൂർ സർവീസ് ഓ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയ യുവാവിനെ ബാങ്ക് ഭരണസമിതിയും ജീവനക്കാരും കബളിപ്പിക്കുന്നതായി പരാതി. മംഗലം സ്വദേശി ബിബീഷാണ് ബാങ്കിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
രണ്ടു വർഷം മുമ്പാണ് ബിബീഷ് 5 ലക്ഷം രൂപ ഒരു വർഷത്തേക്ക് ബാങ്കിൽ സ്ഥിരനിക്ഷേപമായി നൽകിയത്. കാലാവധി കഴിഞ്ഞപ്പോൾ നിക്ഷേപം തിരിച്ചു വാങ്ങാനെത്തിയ ബിബീഷിനെ പല കാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
ഒരു വർഷം മുമ്പ് സഹോദരിയുടെ വിവാഹം നടക്കുന്ന വേളയിൽ പണത്തിനായി ബാങ്കിലെത്തിയ ബിബീഷിന് പണത്തിന് പകരം വിവാഹത്തിനായുള്ള സ്വർണാഭരണങ്ങൾ നൽകാമെന്ന് ഉറപ്പുനൽകി. സ്വർണ്ണം വാങ്ങി മൂന്നാം ദിവസം മുതൽ ജ്വല്ലറി ജീവനക്കാർ പണം ആവശ്യപ്പെട്ടതോടെയാണ് ബാങ്ക് തന്നെ കബളിപ്പിച്ച വിവരം ബിബീഷിന് മനസ്സിലായത്.
ഒരാഴ്ചയ്ക്ക് ശേഷം താൻ സ്വർണത്തിന്റെ മുഴുവൻ പണവും ജ്വല്ലറിയിൽ നൽകുകയാണുണ്ടായതെന്ന് ബിബീഷ് പറഞ്ഞു.
ഭാര്യയുടെ ചികിത്സാർത്ഥം ഒന്നരലക്ഷത്തോളം രൂപ വേണമെന്നിരിക്കെ കഴിഞ്ഞയാഴ്ച പണത്തിനായി ബാങ്കിലെത്തി. പണം ലഭിക്കാതെ ബാങ്കിൽ നിന്നും പുറത്തിറങ്ങില്ല എന്നു പറഞ്ഞു. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.
വ്യാഴാഴ്ച ഭാര്യയ്ക്ക് ടെസ്റ്റ് ഉള്ളതിനാൽ പണം വാങ്ങിക്കാനാണ് ബുധനാഴ്ച ബിബീഷ് ബാങ്കിലെത്തിയത്. പക്ഷേ നിരാശയായിരുന്നു ഫലം. പൊലീസ് വീണ്ടും ഇടപെട്ടതോടെ അടുത്തദിവസം പണം നൽകാമെന്ന ഉറപ്പാണ് ജീവനക്കാർ നൽകിയതെന്ന് ബിബീഷ് പറഞ്ഞു.
നിക്ഷേപകർക്ക് നൽകാനുള്ള പണം ബാങ്കിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. നിക്ഷേപകരുടെ പണം ബാങ്ക് ഭരണസമിതി ചെലവഴിച്ചതായാണ് അറിയുന്നത്. ബാങ്കിനെതിരെ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു