അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

താനൂര്‍: അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവ് പോലീസ് പിടിയില്‍. തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ ബിയാസ് ഫാറൂഖി(37)നെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്ജും സംഘവും അറസ്റ്റ് ചെയ്തത്.
ഓണപ്പൂക്കളുമായി പരപ്പനങ്ങാടിയിലെ കാര്‍ഷിക കൂട്ടായ്മ
ഒഴുര്‍ കുറുവട്ടിശ്ശേരിയിലെ സച്ചൂസ് റെഡിമെയ്ഡ് ഷോപ്പില്‍ നിന്ന് വെള്ളിയാഴ്ച പ്രതി ഫോണ്‍ മോഷ്ടിച്ചിരുന്നു. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. മൂന്ന് വയസ്സായ കുട്ടിക്കുള്ള ഉടുപ്പ് ചോദിച്ചാണ് പ്രതി കടയില്‍ എത്തിയത്. അതെടുക്കാന്‍ ജീവനക്കാരി തിരിഞ്ഞ സമയം മൊബൈല്‍ മോഷ്ടിക്കുകയും ഉടുപ്പ് വേണ്ട എന്ന് പറഞ്ഞു പോവുകയുമായിരുന്നു.


സമാന രീതിയില്‍ അടുത്തnസ്ഥലങ്ങളിലും മൊബൈല്‍ പോയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ കളവു നടത്തിയ ആള്‍ ഓട്ടോറിക്ഷയിലാണ് വന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് സ്ഥിരം മൊബൈല്‍ മോഷ്ടാവായ ബിയാസ് ഫാറൂഖ് ആണെന്ന് പോലീസ് കണ്ടെത്തിയത്.

പ്രതിയുടെ പക്കല്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണുകളും, വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി കഴിഞ്ഞ ജനുവരിയില്‍ താനൂര്‍ ബ്ലോക്ക് ഓഫീസ് ജംങ്ഷനിലുള്ള കടയില്‍ നിന്നും, താനാളൂര്‍, മീനടത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമാന രീതിയില്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.

ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായി ഇയാള്‍ക്കെതിരെ 50ലേറെ മോഷണ കേസുകള്‍ നിലവിലുണ്ട്. എസ്‌ഐ ആര്‍ ഡി കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്, സിപിഒമാരായ സുജിത്, കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.