സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തിരിച്ചറിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം നാം തിരിച്ചറിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. ആധുനിക കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി സോഷ്യല്‍മീഡിയ മാറിയിട്ടുണ്ട്. അതിവേഗത്തിലുള്ള സാങ്കേതിക വിദ്യയുടെ ഈ പുരോഗതിയെ ഉള്‍ക്കൊള്ളാനും സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുക വഴി ഉണ്ടാവുന്ന മഹാ വിപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാം സ്വയം തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗമാരക്കാരായ കുട്ടികള്‍ വരെ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് വീടുകളില്‍ നിന്നുള്ള ബോധവല്‍ക്കരണം വഴി അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറെ സഹായിക്കുമെന്നും സന്തുഷ്ടമായ കുടുംബ ജീവിതം വഴി ഒരു പരിധി വരെ ഇതിനെ തടുത്തു നിര്‍ത്തുവാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ അംഗന്‍വാടിയും വാര്‍ഡ് മെമ്പറും സംയുക്തമായി നടത്തിയ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു.

കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ അംഗന്‍വാടിയും വാര്‍ഡ് മെമ്പറും സംയുക്തമായി നടത്തിയ സുരക്ഷാ പദ്ധതി പി. ഉബൈദുള്ള എം എല്‍ എ  ഉദ്ഘാടനം ചെയ്യുന്നു

വാര്‍ഡ് മെമ്പര്‍  കെ എന്‍ ഷാനവാസ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ വട്ടോളി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ പി ശബ്‌ന ഷാഫി, അംഗനവാടി മോണിറ്ററിംഗ് കമ്മിറ്റി കണ്‍വീനര്‍ സി എച്ച് ഫസല്‍ റഹ്മാന്‍, അംഗങ്ങളായ എം ടി ഉമ്മര്‍ മാസ്റ്റര്‍, അംഗനവാടി ടീച്ചര്‍ സീനത്ത് എന്നിവര്‍ പങ്കെടുത്തു. ജെന്റര്‍ കൗണ്‍സിലര്‍ ഹാജറ എം ടി, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ സലീം എന്നിവര്‍ ക്ലാസെടുത്തു.