കെ എം ഷാജിക്ക് പൂട്ടിടാനും അഞ്ചംഗ അച്ചടക്കസമിതി കൊണ്ടുവരാനും മുസ്ലിംലീഗ് പ്രവർത്തക സമിതി തീരുമാനം
മലപ്പുറം: മുസ്ലിംലീഗിൽ കെ.എം ഷാജിയെ ഒറ്റപ്പെടുത്താൻ നീക്കം. ഇതിന് പിന്നിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെന്നാണ് ആരോപണം. എൽ.ഡി.എഫ് സർക്കാരിനോട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമർശനങ്ങളാണ് കഴിഞ്ഞ പ്രവർത്തക സമിതിയിൽ കെ.എം ഷാജിയും കെ.എസ് ഹംസയും നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് ഷാജിയെ നിലക്കുനിർത്താൻ നേതൃത്വത്തിന്റെ കടിഞ്ഞാൺ നിയന്ത്രിക്കുന്ന കുഞ്ഞാലിക്കുട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിലൂടെ നടപ്പാക്കുന്നതെന്നാണ് ആക്ഷേപം.
നേരത്തെ, എം.എ.യൂസുഫലിയെ വിമർശിച്ച് കെ.എം.ഷാജി പവർത്തകരുടെ കൈയടി നേടിയിരുന്നു. വിമർശനം, പാർട്ടിയെ ദോഷകരമായി ബാധിച്ചുവെന്നാണു കുഞ്ഞാലക്കുട്ടി പക്ഷം ബുധനാഴ്ച മലപ്പുറത്തു ചേർന്ന പ്രവർത്തക സമിതിയിൽ ആരോപിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ എൽ.ഡി.എഫ് മൃദുസമീപനം ചോദ്യം ചെയ്തതോടെ തലക്കുമീതെ വളരാനുള്ള സാധ്യത കണ്ട് ഷാജിക്ക് പൂട്ടിടാൻ തീരുമാനിച്ചാണ് ഇന്നത്തെ പ്രവർത്തക സമിതി ചേർന്നതെന്നാണ് ആരോപണം. ഷാജിക്കും സമാനമായി രംഗത്തുവരുന്നവരേയും നിയന്ത്രിക്കാൻ സംഘടനയിൽ അഞ്ചംഗ അച്ചടക്കസമിതി കൊണ്ടുവരാനും മുസ്ലിംലീഗ് പ്രവർത്തക സമിതി തീരുമാനിച്ചു.
ബുധനാഴ്ച മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് കെ എം ഷാജിക്കെതിരെ നേതാക്കളുടെ രൂക്ഷ വിമർശനം ഉയർന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് കെഎം ഷാജി പൊതുവേദികളിൽ പ്രസംഗിക്കുന്നത്. ലീഗിനെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും കെഎം ഷാജി പതിവായി പ്രസംഗിക്കുന്നു. ഈ പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും ലീഗ് നേതാക്കൾ വിമർശിച്ചു. പൊതുവേദികളിൽ എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ഷാജി ശ്രമിച്ചെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച കെഎസ് ഹംസയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പികെ കുഞ്ഞാലിക്കുട്ടി വിഭാഗമാണ് ഷാജിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. അതേ സമയം വിദേശത്തായതിനാൽ ഷാജി ഇന്നുയോഗത്തിൽ പങ്കെടുത്തിരുന്നില്ല. അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശനമായി നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സമീപകാലത്ത് പരസ്യപ്രതികരണം നടത്തുന്നവരുടെ മുനയൊടിക്കുക കൂടിയാണ് അച്ചടക്ക സമിതി രൂപീകരിക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തൽ. ലീഗ് മുന്നണി വിടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രവർത്തക സമിതി യോഗത്തിന് ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
നേരത്തെ ലോക കേരള സഭ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എം എ യൂസഫലിയെ പരോക്ഷമായി വിമർശിച്ച് കെ.എം ഷാജി രംഗത്തെത്തിയത്. ബിസിനസ് വളർത്താൻ ബിജെപിയെയും സംസ്ഥാന സർക്കാരിനെയും തൃപ്തിപ്പെടുത്തുന്നയാൾ മുസ്ലിം ലീഗിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കേണ്ടെന്നായിരുന്നു ഷാജിയുടെ പരാമർശം. ഏത് വലിയ സുൽത്താനായാലും ലീഗിനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയുമെന്നും കെ എം ഷാജി പറഞ്ഞിരുന്നു.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തിയിരുന്നു. യുസഫലി ആദരീണയനായ വ്യക്തിയാണ്. ഷാജി നടത്തിയിരിക്കുന്ന പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു.
അതേ സമയം മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ അംഗത്വ കാമ്പയിൻ നവംബർ ഒന്നു മുതൽ 30 വരെ നടക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മെമ്പർഷിപ്പ് കാമ്പയിൻ സംബന്ധിച്ച ഒരുക്കങ്ങൾ സെപ്റ്റംബറിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഏറണാകുളത്ത് ചേർന്ന പ്രവർത്തക സമിതി തീരുമാന പ്രകാരമുള്ള കാമ്പയിൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
വാർഡ് തലത്തിൽ പ്രത്യേക സ്‌ക്വാഡുകളായി ഗൃഹസന്ദർശനം നടത്തിയും മറ്റും മെമ്പർഷിപ്പ് കാമ്പയിൻ സജീവമാക്കും. തുടർന്ന് പഞ്ചായത്ത്, മുനിസിപ്പൽ, മണ്ഡലം, ജില്ലാ കമ്മിറ്റികൾ നിലവിൽ വരും. വിവിധ ജില്ലകളിലെ അംഗത്വ കാമ്പയിൻ ഏകോപന ചുമതലകൾ പാർട്ടി പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും.
മുസ്്ലിംലീഗ് പാർട്ടി അതിന്റെ 75-ാം വർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണുള്ളത്. ഈ സന്തോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്ന് പാർട്ടി സ്ഥാപക ദിനമായ മാർച്ച് പത്തിന് മുമ്പ് പുതിയ കമ്മിറ്റി നിലവിൽ വരും. അവസാന അംഗത്വ കാമ്പയിൽ അവസാനിച്ചപ്പോൾ 22 ലക്ഷം മെമ്പർമാരാണ് പാർട്ടിക്കുണ്ടായിരുന്നത്. ഇത്തവണയത് ഉയരുമെന്നും പി.എം.എ സലാം പറഞ്ഞു.
പാർട്ടിയുടെ ഭരണഘടന നിയമാവലി ഭേദഗതിക്ക് പ്രവർത്തക സമിതി അംഗീകാരം നൽകി. ഇതുസംബന്ധിച്ച് വിശദമായ ചർച്ചകളാണ് പ്രവർത്തക സമിതിയിലുണ്ടായത്. ഭേദഗതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക സമിതി ഇതിനോടകം യോഗം ചേർന്നിരുന്നു. ഒക്ടോബർ 5ന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൗൺസിൽ ഭേദഗതിക്ക് അന്തിമ അംഗീകാരം നൽകും. പുതിയ ഭേദഗതി പ്രകാരം 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റാണ് നിലവിൽ വരിക. ഒരു ചെയർമാൻ ഉൾപ്പെടെ അഞ്ചംഗ അച്ചടക്ക സമിതിയെ നിയോഗിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്നു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, വി.കെ ഇബ്രാഹിംകുഞ്ഞ്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന ഭാരവാഹികളായ പി.എച്ച് അബ്ദുസ്സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിർ, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, അബ്ദുറഹ്മാൻ കല്ലായി, ടി.എം സലീം, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ശാഫി ചാലിയം, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, പി. അബ്ദുൽഹമീദ്, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീൻ, എ കെ എം അഷ്‌റഫ്, പ്രവർത്തക സമിതി അംഗങ്ങളും ക്ഷണിതാക്കളുമായ അഡ്വ. എം ഉമ്മർ, അഡ്വ കെ എൻ എ ഖാദർ, പാറക്കൽ അബ്ദുള്ള, ടി ഇ അബ്ദുള്ള, അ അബ്ദുറഹിമാൻ, ടി എ മൂസ്സ, അഡ്വ. കരീം ചേലേരി, വി പി വമ്പൻ, പി പി എ കരീം, എ കെ അഹമ്മദ് ഹാജി, എം എ മുഹമ്മദ് ജമാൽ, ഉമ്മർ പാണ്ടികശാല, എം എ റസാഖ് മാസ്റ്റർ, എൻ സി അബൂബക്കർ, വി എം ഉമ്മർ മാസ്റ്റർ, കെ എ ഖാദർ മാസ്റ്റർ, എം സി ഇബ്രാഹിം വടകര, സി കെ സുബൈർ, അഷ്‌റഫ് കോക്കൂർ, എം അബ്്ദുള്ളക്കുട്ടി, പി എ ജബ്ബാർ ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം പി എം ഇസ്ഹാഖ് ഗുരിക്കൾ, നാലകത്ത് സൂപ്പി, സി പി സൈതലവി, ടി പി അഷ്‌റഫലി, പി എം എ സമീർ, ഹനീഫ മൂന്നിയൂർ, എ പി ഉണ്ണികൃഷ്ണൻ, അഡ്വ എം റഹ്്മത്തുള്ള, സയ്യിദ് അഹ്്മദ് ബാഫഖി തങ്ങൾ, അഹമദ് മൂപ്പൻ, ഖമറുന്നീസ അൻവർ, അഡ്വ കെ പി മറിയുമ്മ, കളത്തിൽ അബ്്ദുള്ള, മരക്കാർ മാരായമംഗലം, എം എം ഹമീദ്, പി എം അമീർ, ഇ പി ഖമറുദ്ദീൻ, കെ.എം അബ്ദുൽ മജീദ്, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, ഹംസ പറക്കാട്ട്, എം.എസ് മുഹമ്മദ്, പി.എം അബ്ബാസ് മാസ്റ്റർ, അഡ്വ. എച്ച്. ബഷീർ കുട്ടി, അസീസ് ബഡായിൽ, മുഹമ്മദ് റഫീഖ്, ടി.എം ഹമീദ്, സമദ് മേപ്രത്ത്, എം. അൻസാറുദ്ദീൻ, അഡ്വ. സുൽഫീക്കർ സലാം, പ്രൊഫ. തോന്നയ്ക്കൻ ജമാൽ, ചാന്നാക്കര എം.പി കുഞ്ഞ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ ഫിറോസ്, പി.കെ നവാസ്, സുഹറ മമ്പാട്, അഡ്വ. പി. കുൽസു, അഹമ്മദ് കുട്ടി ഉണ്ണികുളം, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. വി.കെ ഫൈസൽ ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.