ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ രണ്ട് വരെ തീവ്ര പ്രചാരണ പരിപാടികള്‍ നടത്തും. നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുവാക്കള്‍ ഉള്‍പ്പെടെ വിവിധ തലത്തിലുള്ളവര്‍ പദ്ധതിയില്‍ അണിനിരക്കണം. സ്‌കൂള്‍ തലത്തില്‍ നവംബര്‍ ഒന്നിന് പ്രതീകാത്മകമായി ലഹരി മരുന്നുകള്‍ കത്തിക്കും. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കും. ലഹരിക്കെതിരെ കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ്. വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കൂടുതല്‍ മാരകമായ മയക്കുമരുന്നുകള്‍ വ്യാപകമാകുന്ന അവസ്ഥയാണ്. വിഷവസ്തുക്കളുടെ രാസസങ്കലനങ്ങള്‍ പോലും ലഹരിക്കായി ഉപയോഗിക്കപ്പെടുന്നു. യുവതലമുറയെ ലഹരി അപകടത്തിലാക്കുന്നു.

മയക്കു മരുന്ന് ഉപയോഗത്തിനെതിരെ നാടാകെ അണിനിരന്ന് ശക്തമായ പ്രതിരോധം തീര്‍ക്കണം. ലഹരി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. വ്യക്തികളെ മാത്രമല്ല, കുടുംബത്തെയും തലമുറകളെയും സമൂഹത്താകെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. മാരകമായ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുന്നത്. ലഹരിയെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.