എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം; ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സർവകലാശാല നിയമനവിവാദത്തിൽ ഗവർണറുടെ പ്രസ്താവനക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽപ്പരം അസംബന്ധം ആർക്കും പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പേഴ്‌സണൽസ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോയെന്നും മുഖ്യമന്ത്രി അറിയാതെ ചാൻസലർ നിയമിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയില്ലെന്നും അനധികൃത നിയമനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നുമുള്ള ഗവർണറുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഗവർണർക്കതെിരെ ആഞ്ഞടിച്ചത്.

ഗവർണർ പറഞ്ഞതിൽപ്പരം അസംബന്ധം പറയാൻ ആർക്കും പറയാൻ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്‌തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പരാമർശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായതുകൊണ്ട് അപേക്ഷിക്കാൻ കഴിയില്ല എന്ന് പറയാൻ ആർക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ട്. അവരവർക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചത്. സർവകലാശാലകളിൽ പോസ്റ്റർ പതിക്കുന്നതിനെ വരെ ഗവർണർ വിമർശിക്കുന്നു.

‘പേഴ്സണൽ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രി അറിയാതെ നിയമിക്കാൻ ചാൻസലർക്ക് നിർദ്ദേശം വന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?’ ഇതാണ് അദ്ദേഹം ചോദിച്ചതായി കാണുന്നത്. മാത്രമല്ല, ‘അനധികൃതമായി നിയമനങ്ങൾ നടത്താനുള്ള സർക്കാർ അനുവദിക്കില്ല.’ ഇതിൽപരം അസംബന്ധം ഒരാൾക്കും പറയാൻ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം.മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഒരു ബന്ധു. ആ ബന്ധു ഒരു വ്യക്തിയാണ്. അയാൾക്ക് അയാളുടെ സ്വാതന്ത്ര്യവും അവകാശമുണ്ട്. അർഹതയുള്ള ജോലിക്ക് അപേക്ഷിക്കാനും. അതിന് ‘ഞാൻ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ആണല്ലോ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണം’ എന്ന് ആരെങ്കിലും ചിന്തിക്കുമോ? മുഖ്യമന്ത്രി ചോദിച്ചു.

പോസ്റ്റർ രാജ് ഭവനിൽ ആണോ കൊണ്ട് പോകേണ്ടത് ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയുള്ള ഗവർണറുടെ പരാമർശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

ഭിന്നത ഉണ്ടെങ്കിൽ ഭരണ ഘടനാ പരമായ അവസരം ഉണ്ട്. അല്ലാതെ, മാധ്യമങ്ങൾ മൈക്ക് നീട്ടുമ്പോഴല്ല ഭിന്നത പറയേണ്ടത്. താൻ ഒരു ഉറപ്പും ലംഘിച്ചിട്ടില്ല. ഗവർണർക്ക് ബില്ലുകളിൽ ഒപ്പിടുമോ എന്ന് ആശങ്ക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.