കെഎം ഷാജി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു, വിശദീകരണം നല്‍കി; മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ മടക്കം

മലപ്പുറം: വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെ മുന്‍ എംഎല്‍എ കെ എം ഷാജി മുസ്ലീം ലീഗ് സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് വിശദീകരണം നല്‍കി. വിവാദ പരാമര്‍ശത്തില്‍ ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു.രാവിലെ 10:30 ന് ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വസതിയിലായിരിന്നു കൂടികാഴ്ച്ച.

അതേസമയം മുസ്ലീം ലീഗ് നേതാക്കളെ പരസ്യമായി വിമര്‍ശിച്ച് നടത്തുന്ന പൊതുപ്രസംഗങ്ങള്‍ വേണ്ടെന്നാണ് ഷാജിക്കുള്ള പാണക്കാട് സാദിഖലി തങ്ങളുടെ നിര്‍ദേശം. രാവിലെ 10.45 ഓടെ എത്തിയ ഷാജി ഒന്നേക്കാല്‍ മണിക്കൂറോളം കാര്യങ്ങള്‍ വിശദമാക്കി. പിഎംഎ സലാമും ആബിദ് ഹുസൈന്‍ തങ്ങളും ഷാജിയുടെ വിശദീകരണം കേള്‍ക്കാന്‍ സാദിഖലി തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട സാദിഖലി തങ്ങള്‍ നിര്‍ദേശം സൗഹൃദപരമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

വിശദീകരണം നല്‍കിയതിന് ശേഷം, മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെയാണ് പാണക്കാട് നിന്നും കെ എം ഷാജി മടങ്ങിയത്. ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ്, എംകെ മുനീര്‍ എന്നിവരേയും സാദിഖലി തങ്ങള്‍ വൈകാതെ കാണും. ലീഗില്‍ ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.