പൊന്നാനിയില്‍ ആറ് മാസത്തിനിടയില്‍1055 ഗതാഗത നിയമലംഘന കേസുകള്‍
പൊന്നാനി: പൊന്നാനി ആര്‍.ടി.ഒക്ക് കീഴില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പിടികൂടിയത് 1055 ഗതാഗത നിയമലംഘന കേസുകള്‍. 2022 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി പ്രകാരം എടുത്ത കേസുകളില്‍ നിന്നായി 17,47,600 രൂപ പിഴയും ചുമത്തി. ഇതില്‍ 187 കേസുകളില്‍ നിന്നായി 4,64,500 രൂപ പിഴ ഇനത്തില്‍ അടക്കുകയും ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പിടിച്ച 1055 പെറ്റി കേസുകളില്‍ കൂടുതലും ഹെല്‍മറ്റ് ധരിക്കാത്തതിന് എടുത്തിട്ടുള്ളതാണ്. 511 കേസുകളാണ് ഈ കാലയളവില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത്. ലൈസന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചതിന് ഏഴ് പേര്‍ക്കെതിരെയും വാഹനത്തിനു ഫിറ്റ്‌നസ് ഇല്ലാത്തത്തിനു 19 കേസുകളും ഓവര്‍ ലോഡ് മൂന്ന് കേസുകളും ടാക്‌സ് അടക്കാത്തതിന് 44 കേസുകളും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 15 കേസുകള്‍ മറ്റുള്ളവ 456 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മേഖലയില്‍ നൂതന വാഹന പരിശോധന സംവിധാനമായ ഇ പോസ് മെഷിന്‍, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ (എ.എന്‍.പി.ആര്‍) മൊബൈല്‍ ക്യാമറകളും ഉപയോഗിച്ചാണ് ആറു മാസകാലയളവില്‍ ഇത്രയും ഗതാഗതനിയമലംഘന കേസുകള്‍ പിടികൂടിയതെന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഷറഫ് സൂര്‍പ്പില്‍ പറഞ്ഞു. വരും ദിവസങ്ങളിലും മേഖലയില്‍ വാഹന പരിശോധന ശക്തമാക്കുമെന്നും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഇ-പോസ് മെഷിന്റെ സഹായത്തോടെ വാഹനത്തിന്റെ ഫോട്ടോ എടുത്തു മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെനെറ്റിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്തു നോക്കിയാല്‍ ആ വാഹനത്തിനു എന്തെല്ലാം രേഖകള്‍ ആണ് ഇല്ലാത്തത്, എത്ര ഫൈന്‍ ഈടാക്കണം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. വാഹനത്തിന്റെ നമ്പര്‍ എന്റര്‍ ചെയ്തു നോക്കിയാലും ഇക്കാര്യങ്ങള്‍ അറിയാനാവും. ഇ-പോസ് മെഷീനില്‍ നേരിട്ട് ഫോട്ടോ എടുത്ത് ഫൈന്‍ അടപ്പിക്കുന്ന സംവിധാനവും ട്രാഫിക് ഡ്യൂട്ടിയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ചും പിഴ ഈടാക്കാന്‍ സാധിക്കും. ചെക്കിങ് സമയത്ത് പണം അടയ്ക്കാനില്ലെങ്കില്‍ വാഹന ലോഡ് ചെയ്ത ശേഷം പിന്നീട് ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഫൈന്‍ അടക്കാം. ഇങ്ങനെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന വാഹന നമ്പറുകളില്‍ പിഴ അടച്ചാല്‍ മാത്രമേ പിന്നീട് വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും സാധിക്കൂ.