നരബലി, പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിലെത്തിച്ചോ എന്ന് അന്വേഷിക്കും; കൊച്ചി ഡിസിപി
ഇലന്തൂരിലെ നരബലിയിൽ പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി. മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്ന് തെളിവെടുപ്പ് നടത്താനാവില്ല. ചോദ്യം ചെയ്യൽ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് തീരുമാനിക്കും. കൂടുതൽ പെൺ കുട്ടികളെ ഇലന്തൂരിൽ എത്തിച്ചോ എന്ന് അന്വേഷിക്കും. കടവന്ത്ര കേസും കാലടി കേസും വെവ്വേറെ അന്വേഷിക്കും. കടവന്ത്ര കേസിലെ അന്വേഷണത്തിന്ന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കാലടി കേസ് നടപടികൾ തുടങ്ങും. ആരോപണങ്ങളും ഊഹാപോഹങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലന്തൂർ നരബലിയിൽ രണ്ടാം ദിവസവും പോസ്റ്റുമോർട്ടം നടപടികൾ പൂർണ്ണമായും പൂർത്തിയായില്ല. ആദ്യം കൊലപ്പെടുത്തിയ റോസിലിൻ്റെ പോസ്റ്റുമോർട്ട നടപടികളാണ് കഴിഞ്ഞത്. പത്മത്തിൻ്റെ പോസ്റ്റുമോർട്ടം അടുത്ത ദിവസവും തുടരും. രണ്ടാം ദിവസത്തെ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നതാണ് പോസ്റ്റുമോർട്ടം അനന്തമായി നീളുവാൻ ഇടയാക്കിയത്. 56 കഷണങ്ങളായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇന്നലെ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്.
ആദ്യ ദിവസം 11 മണിക്ക് തുടങ്ങിയ നടപടികൾ വൈകുന്നേരം 6 മണി വരെ തുടർന്നു. രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് പോസ്റ്റുമോർട്ടം ആരംഭിച്ചത്. റോസ്ലിൻ്റെ ശരീരാവശിഷ്ടങ്ങളും, പത്മത്തിന്റേത് അഴുകിയ മൃതദേഹവുമാണ് പോസ്റ്റുമോർട്ടത്തിനായി ലഭിച്ചത്. പൊലീസ് ഫോറൻസിക്ക് സർജൻമാരോട് ഇരുവർക്കും ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം ഉൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ അതിൻ്റെ വിശദമായ വിവരവും റിപ്പോർട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്.