സുധാകരൻ ചികിത്സയിൽ; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതിനാലാണ് യോഗം മാറ്റിയതെന്ന് വിശദീകരണം.

അതേസമയം കെ സുധാകരനെതിരായ കൂട്ട പരാതികൾ ഹൈക്കമാൻഡ് ചർച്ച ചെയ്യാൻ പോകുന്നു. വിഭാഗീയതയുടെ ഭാഗമായാണോ നീക്കം എന്നത് പരിശോധിച്ച് താരിഖ് അൻവർ റിപ്പോർട്ട് നൽകും.സുധാകരൻ തുടർച്ചയായി നടത്തുന്ന വിവാദ പരാമർശങ്ങൾ എന്തിൻറെ പേരിലായാലും വകവെച്ച് കൊടുക്കാൻ കഴിയില്ലെന്ന സന്ദേശം ഘടകകക്ഷികൾ കോൺഗ്രസിന് കൈമാറിക്കഴിഞ്ഞു.

 

പ്രസ്താവനയെ തുടർന്ന് യു.ഡി.എഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സുധാകരൻ. ഘടകകക്ഷി നേതാക്കളെ നേരിൽ കണ്ട് ചർച്ച നടത്തും. എന്നാൽ നേരിൽ കാണണമെന്ന സുധാകരന്റെ ആവശ്യം ലീഗ് ഇതുവരെ അംഗീകരിച്ചിട്ടില്ല. സി.പി.ഐ എമ്മിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യം ആർ.എസ്.എസ് അനുകൂല പരാമർശങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഘടക കക്ഷികളുടെ വാദം.

 

ഇത് ശരിയാണെന്ന് കോൺഗ്രസ് നേതൃത്വവും സമ്മതിക്കുന്നു. ഹൈക്കമാൻഡ് കൂടി അതൃപ്തി അറിയിച്ചതോടെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സുധാകരൻ തുടങ്ങി. ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന പ്രസ്താവന വിവാദമായതോടെ തന്നെ ലീഗ് നേതാക്കളെ നേരിൽ കാണാൻ സുധാകരൻ ശ്രമിച്ചു. എന്നാൽ സമയ കുറവ് പറഞ്ഞ് ലീഗ് നേതൃത്വം കൂടിക്കാഴ്ച ഒഴിവാക്കി.