‘ഒരു സ്വപ്‌നവും വലുതല്ല’; ലോകകപ്പ് ഉദ്ഘാടന വേളയില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗാനിം അല്‍ മുഫ്താഹിനെ അറിയാം

ബാല്യ കാലത്തിനപ്പുറം ഈ കുഞ്ഞ് ജീവിക്കാനിടയില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനെയാണ് ഗാനിം അല്‍ മുഫ്താഹ് ആദ്യം മറികടന്നത്. പിന്നീട് സ്‌കൂള്‍ കാലത്തെ കളിയാക്കലുകള്‍, ശാരീരിക അവശതകള്‍, അങ്ങനെ പലതും മുഫ്താഹിന് മറികടക്കേണ്ടതായി വന്നു. തന്നെക്കുറിച്ച് സ്വയമുള്ള വിശ്വാസം കൈമുതലാക്കി ആയിരങ്ങള്‍ക്ക് ജീവിക്കാന്‍ തന്നെ പ്രചോദനമായി. ഇന്നിതാ ലോകം ഒരു ഫുട്‌ബോളായി കറങ്ങുമ്പോള്‍ അതിന്റെ ശ്രദ്ധാ കേന്ദ്രമായി. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് അംബാസിഡറായി ഫിഫ പരിചയപ്പെടുത്തിയ ഗാനിം അല്‍ മുഫ്താഹ് ആരാണ്?

ഒരു സംരംഭകനും മനുഷ്യസ്‌നേഹിയുമായ ഗാനിം അല്‍ മുഫ്താഹ് ക്രൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന രോഗവുമായാണ് ജനിച്ചത്. അരയ്ക്ക് താഴേക്ക് വളര്‍ച്ച മുരടിക്കുന്ന അസുഖമാണിത്. ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ച് സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റിംഗ്‌ബോര്‍ഡ്, റോക്ക് ക്ലൈംബിംഗ് എന്നിവ പരിശീലിച്ച മുഫ്താഹിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങൡലൂടെ ഉള്‍പ്പെടെ പുറത്തെത്തിയത് ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രചോദനമായി.

സ്‌കൂള്‍ കാലത്തുതന്നെ കൈയില്‍ പ്രത്യേക തരത്തിലുള്ള ഷൂ അണിഞ്ഞ് മറ്റുകുട്ടികള്‍ക്കൊപ്പം മുഫ്താഹും ഫുട്‌ബോള്‍ കളിക്കുമായിരുന്നു. സ്‌കൂളില്‍ കുട്ടികള്‍ തന്നോട് കാണിക്കുന്ന അകല്‍ച്ച വേദനിപ്പിച്ചപ്പോള്‍ അത് വീട്ടിലെത്തി മുഫ്താഹ് അമ്മയോട് പറഞ്ഞു. തന്റെ കുട്ടിയുടെ രോഗത്തിന്റെ സവിശേഷതകളും പരിമിതികളും സാധ്യതകളും അമ്മ് മകന് വിശദീകരിച്ച് കൊടുത്തു. കാര്യങ്ങള്‍ ബോധ്യപ്പെട്ട മുഫ്താഹ് പിറ്റേന്ന് സ്‌കൂളിലെത്തി ഇക്കാര്യങ്ങള്‍ തന്റെ സഹപാഠികളോട് തുറന്ന് സംസാരിക്കുകയും അവരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡറായ, സമൂഹ മാധ്യമങ്ങളിലെ താരമായ മുഫ്താഹെന്ന 20 വയസുകാരനെ ഏപ്രില്‍ മാസത്തിലാണ് ഫിഫ വേള്‍ഡ് കപ്പ് അംബാസിഡറായി തെരഞ്ഞെടുക്കുന്നത്. ലോകകപ്പിന്റെ ദി കാളിങ് എന്ന ഓപ്പണിംഗ് സെറിമണിയില്‍ ഇതിഹാസ ചലച്ചിത്ര താരം മോര്‍ഗന്‍ ഫ്രീമനൊപ്പം മുഫ്താഹ് വേദി പങ്കിട്ടത് ലോകത്തിനാകെ ആവേശമായി. ഒരു സ്വപ്‌നവും വലുതല്ലെന്ന് പ്രഖ്യാപിച്ച മുഫ്താഹിനെ ലോകം ഏറ്റെടുത്തു. ഫിഫ ലോകകപ്പിന്റെ മാത്രമല്ല മുഫ്താഹ് മനുഷ്യത്വത്തിന്റേയും പ്രചോദനത്തിന്റേയും അതിജീവനത്തിന്റേയും അംബാസിഡറാകുന്ന കാഴ്ചയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ലോകം ലൈവായി കണ്ടത്.