ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണം: കോതിയില്‍ സ്ത്രീകള്‍ റോഡ് ഉപരോധിക്കുന്നു; നാളെ ജനകീയ ഹര്‍ത്താല്‍

 

കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് സ്ത്രീകള്‍ റോഡ് ഉപരോധിക്കുകയാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡാണ് ഉപരോധിക്കുന്നത്. ഈ റോഡ് വഴിയാണ് പദ്ധതി പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങളുമായി വാഹനങ്ങള്‍ പോകേണ്ടത്. ലോറി കടത്തിവിടില്ലെന്ന നിലപാട് കടുപ്പിക്കുകയാണ് നാട്ടുകാര്‍. നാളെ കോതി മേഖലയില്‍ ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു.

 

പദ്ധതി പ്രദേശത്തേക്കുള്ള റോഡ് തെങ്ങിന്റെ തടി ഉപയോഗിച്ച് തടഞ്ഞിട്ടുമുണ്ട്. ഇന്നലെ രാവിലെ ഇവിടെ മാലിന്യ പ്ലാന്റ് നിര്‍മാണത്തിനായി എത്തിയ അധികൃതരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. വന്‍ പൊലീസ് സുരക്ഷയില്‍ ചുറ്റുമതില്‍ നിര്‍മിക്കാനെത്തിയ കോര്‍പറേഷന്‍ ജീവനക്കാരെയും തൊഴിലാളികളെയും നാട്ടുകാര്‍ തടയുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആറ് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയുടെ അകമ്പടിയോടെയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തൊഴിലാളികളും ഇന്നലെ കോതിയിലെത്തിയത്. പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാരെത്തുകയായിരുന്നു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.