പൊരുതി തോറ്റ് കാമറൂണ്‍; സ്വിറ്റ്‌സര്‍ലന്‍ഡ് ജയം ഏകപക്ഷീയമായ ഒരു ഗോളിന്

 

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് (47’) സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്.

റാങ്കിങ്ങിൽ 15–ാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡിനെതിരെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് 43–ാം സ്ഥാനത്തുള്ള കാമറൂൺ ആദ്യ പകുതിയിൽ പുറത്തെടുത്തത്. നിരന്തരം സ്വിറ്റ്‌സര്‍ലന്‍ഡിനെ വിറപ്പിച്ച് കാമറൂണ്‍ ആക്രമണം. ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയ മുന്നേറ്റങ്ങളെ തടഞ്ഞ് യോന്‍ സമ്മറിന്റെ മിന്നല്‍ സേവുകൾ. ആദ്യ പകുതി ഗോൾ രഹിത സമനില.

 

സ്വിറ്റ്സർലൻഡിനെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ തളയ്ക്കാൻ കാമറൂണിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. എംബോള നേടിയ ഗോളില്‍ കളിയുടെ ഗതിക്ക് വിപരീതമായി സ്വിറ്റ്‌സര്‍ലന്‍ഡ് 48ാം മനിറ്റില്‍ മുന്നിലെത്തുകയായിരുന്നു. സെർദാർ ഷാക്കിറി അളന്നു മുറിച്ചു നീട്ടിയ പാസാണു ഗോളിൽ കലാശിച്ചത്.

 

സമനില ഗോൾ കണ്ടെത്താൻ മൈതാനം നിറഞ്ഞ് കളിച്ച കാമറൂണ്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിയാതെ പോയി. ജയത്തോളം പോന്ന തോൽവി ഏറ്റുവാങ്ങിയ ടീമിന് തലയെടുപ്പോടെ അൽ ജനൂബ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങാം.