അഴിമതിക്കെതിരെ ‘സിവില്‍ ഡെത്തു’മായി വിജിലന്‍സ്

  
ഭാര്യാപിതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അഴിമതിക്ക് കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകം ‘സിവില്‍ ഡെത്ത്’. വിജിലന്‍സ് വാരാഘോഷത്തിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നാടകം അവതരിപ്പിച്ചത്. കൈക്കൂലി വാങ്ങുന്നത് ശീലമാക്കിയ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ സമ്മര്‍ദ്ദത്താല്‍ മകളുടെ ഭര്‍ത്താവ് കൈക്കൂലി വാങ്ങുകയും വിജിലന്‍സ് പിടിയിലാകുകയും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന തകര്‍ച്ചയുമാണ് 50 മിനിറ്റ് ദൈര്‍ഘ്യമുള്ള സിവില്‍ ഡെത്ത് എന്ന നാടകത്തിന്റെ പ്രമേയം.
അഴിമതി ഒരു കുടുംബത്തിലും സമൂഹത്തിലും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു നാടകത്തില്‍  ദൃശ്യവത്ക്കരിച്ചിരിക്കുന്നു. കൂടാതെ കൈക്കൂലി നേരിട്ട് വാങ്ങുന്നതിനുപകരം ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിച്ച് നടത്തുന്ന അഴിമതികളും, അവ പിടികൂടാനുള്ള വിജിലന്‍സിന്റെ പുതിയ തന്ത്രങ്ങളും നാടകത്തില്‍ അവതരിപ്പിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റേതാണ് ആശയം. വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരായ ഷറഫുദ്ദീന്‍, നുജുമുദ്ധീന്‍, ദീപക് ജോര്‍ജ്, ആര്യദേവി, സിബി പോള്‍, ജയകുമാര്‍, ഗിരീഷ് കുമാര്‍, ഷീബകുമാരി, ഹരികൃഷ്ണന്‍, ശ്രീജിത്ത് എന്നിവരാണ് അഭിനേതാക്കള്‍. അസീം അമരവിളയാണ് സംവിധാനം നിര്‍വഹിച്ചത്. അഴിമതിരഹിത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്ന നാടകം ഇന്ന് പാലക്കാട് സമാപിക്കും.
ചടങ്ങില്‍ മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖ്, ഇന്‍സ്പെക്ടര്‍മാരായ ജ്യോതിന്ദ്രകുമാര്‍, സി. വിനോദ്, ജിംസ്റ്റല്‍, സി.പി.ഒമാരായ പ്രജിത്ത്, മോഹന്‍ദാസ്, ജിറ്റ്സ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കാണികളായെത്തി.