വി.ഡി.സതീശന്റെ പ്രസംഗത്തിനിടയിൽ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടു; നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം, സഭ നേരത്തെ പിരിഞ്ഞു
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ നേതാവിന്റെ വാക്ക്ഔട്ട് പ്രസംഗത്തിനിടെ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ബഹളം. അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം സഭ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.
വി.ഡി.സതീശന്റെ വാക്ക്ഔട്ട് പ്രസംഗത്തിൽ സർക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമർശനം തുടരുന്നതിനിടയിലാണ് മന്ത്രി പി.രാജീവ് സംസാരിക്കാൻ വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വി.ഡി.സതീശൻ അതിന് തയാറായില്ല. താൻ വഴങ്ങില്ലെന്ന് വി.ഡി.സതീശൻ അറിയിച്ചു. പ്രതിപക്ഷ നേതാവ് വഴങ്ങാൻ തയാറല്ലാത്തതിനാൽ മന്ത്രിയോട് ചെയറിലിരിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ പലതവണ ആവശ്യപ്പെട്ടു. എന്നാൽ രാജീവ് ശബ്ദമുയർത്തി തനിക്ക് സംസാരിക്കണം എന്നാവശ്യപ്പെട്ടതോടെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ബോധപൂർവം തടസപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുതളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ഭരണപക്ഷ അംഗങ്ങളും ബഹളം വച്ചു.
തുടർന്ന് ഭരണപക്ഷ അംഗങ്ങളെ ചെയറിലിരുത്തിയ ശേഷം വാക്ക്ഔട്ട് പ്രസംഗം തുടരാൻ വി.ഡി.സതീശനോട് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങൾ ഇരുപ്പിടങ്ങളിലേക്ക് മടങ്ങാതെ നടുത്തളത്തിൽ തുടർന്നു. ഇതോടെ അടുത്ത അജണ്ടയിലേക്ക് കടക്കുന്നതായി സ്പീക്കർ അറിയിച്ചു. വിഴിഞ്ഞം വിഷയത്തിൽ ശ്രദ്ധക്ഷണിക്കലിന് കടകംപള്ളി സുരേന്ദ്രനെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ബഹളവുമായി നടുത്തളത്തിൽ തുടർന്നതോടെ സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടാണ് എന്ന് കണ്ട് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സര്‍ക്കാര്‍ തസ്തികകളിലെ പിന്‍വാതില്‍ നിയമനങ്ങളിലായിരുന്നു അടിയന്തര പ്രമേയം. പിഎസ്‌സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ യുവജനങ്ങള്‍ ആശങ്കയിലെന്നും പ്രതിപക്ഷം ആരോപിച്ചു.
’30 ലക്ഷത്തിലധിം യുവാക്കളാണ് കേരളത്തില്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസറ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ ഇവിടെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിനിടയിലാണ് മുന്‍പെങ്ങുമില്ലാത്ത പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് ഭൂരിപക്ഷവും പാര്‍ട്ടി നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തികളാക്കുകയാണ്.
എസ്എടി ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയില്ലേ. പാര്‍ട്ടി കത്ത് കൊടുത്തല്ലേ നിയമനം നടത്തിയത്. ലേ സെക്രട്ടറി മൃദുല കുമാരി അവരുടെ സഹോദരിയുടെ മകനെ മെഡിസെപ്പില്‍ നിയമിച്ചില്ലേ. സഹോദരിയുടെ മകന്റെ ഭാര്യയെ കൗണ്ടര്‍ സ്റ്റാഫായി നിയമിച്ചു. സഹോദരിയുടെ മകളെ നിയമിച്ചു. മകന്റെ സുഹൃത്തിന് നിയമനം നല്‍കി. ഒടുവില്‍ മൃദുല കുമാരിയുടെ മകനെ തന്നെ നിയമിച്ചു. ഇത്തരത്തില്‍ ഏഴ് പേരെയാണ് പിന്‍വാതില്‍ നിയമനങ്ങളിലൂടെ ജോലി കൊടുത്തത്. ‘. പി സി വിഷ്ണുനാഥ് പറഞ്ഞു.
നിയമനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ വ്യാജ പ്രചരണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് മറുപടി നല്‍കി. പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
‘ഉദ്യോഗാര്‍ത്ഥികളോട് എന്തോ അനീതി ചെയ്യാന്‍ ശ്രമിച്ചു എന്നതായിരുന്നു ആരോപണം. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇതു തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ 18000 അധികം നിയമനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തി. 35840 നിയമനം രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ നടത്തി.
ലോക്ക് ഡൗണിന്റെ കാലത്ത് കേരളത്തില്‍ മാത്രമാണ് പി എസ് സി യിലൂടെ നിയമനങ്ങള്‍ നടന്നിട്ടുള്ളത്. 55 റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചു. എല്ലാം അടഞ്ഞുകിടന്നപ്പോഴും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചു. മേയര്‍ എഴുതിയിട്ടില്ലെന്ന് പറയുന്നതും കിട്ടേണ്ട ആള്‍ കിട്ടിയിട്ടില്ലെന്ന് പറയുന്നതുമായ ഒരു കത്തിന്റെ പേരിലാണ് കോലാഹലമെന്നും എം.ബി രാജേഷ് സഭയില്‍ പറഞ്ഞു. തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിക്കുകയായിരുന്നു.