മലപ്പുറം ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.  ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേര്‍ എം.ആര്‍ വാക്‌സിന്‍ എടുക്കാത്തവരാണ്. ഇതില്‍ 69089 പേര്‍ ഒന്നാം ഡോസ് എം.ആര്‍ വാക്‌സിനും 93660 പേര്‍ രണ്ടാം ഡോസ് വാക്‌സിനുമാണ് എടുക്കാനുള്ളത്. രോഗവ്യാപനത്തിന്റെയും കുത്തിവെപ്പ് എടുക്കാനുള്ളവരുടെയും തോതനുസരിച്ച് ഹെല്‍ത്ത് ബ്ലോക്കുകളെ മൂന്നു കാറ്റഗറികളാക്കി തിരിച്ച് വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഓരോ  ദിവസവും പതിനായിരം പേര്‍ക്ക് കുത്തിവെപ്പ് നല്‍കി രണ്ടാഴ്ചക്കകം ജില്ലയിലെ വാക്‌സിനേഷന്‍ നിരക്ക് 80.84 നല്‍ നിന്ന് 95 ശതമാനത്തിലെത്തിക്കും. വേങ്ങര (79%) , പൂക്കോട്ടൂര്‍ (78%) , വെട്ടം (77%), വളവന്നൂര്‍ (72%), കുറ്റിപ്പുറം (72%) എന്നിവയാണ് ജില്ലയില്‍ അഞ്ചാം പനിക്കെതിരെ ഉള്ള കുത്തിവെപ്പില്‍ 80 ശതമാനത്തില്‍ താഴെ നില്ക്കുന്ന ഹെല്‍ത്ത് ബ്ലോക്കുകള്‍.