ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കുതിപ്പ്. 35 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. തൊട്ടുപിന്നാലെ 32 സീറ്റുകളുമായി ബിജെപി മത്സരം ശക്തമാക്കുന്നുണ്ട്.
കഴിഞ്ഞ 30 വർഷമായി, 1982 മുതൽ, സംസ്ഥാനത്ത് പാർട്ടികൾ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസ് തിരികെ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രയിൽ തിരക്കിലായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിന് ഉണ്ട്. രാഹുലിനം പകരം പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് റാലിയിലും മറ്റും പങ്കെടുത്തു എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം. ആം ആദ്മിക്ക് വേണ്ടി അരവിന്ദ് കേജ്രിവാൾ റോഡ് ഷോ നടത്തി ജനങ്ങളുമായി സംവദിച്ചിരുന്നു. സിപിഐഎമ്മിന് വേണ്ടി സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും പര്യടനം നടത്തിയിരുന്നു.
ബിജെപിയുടെ ജയറാം ഠാക്കുർ ഭരിക്കുന്ന സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ജയറാമിനെതിരെ കോൺഗ്രസ് ഇറക്കിയിരിക്കുന്നത് ചേത് രാം ഠാക്കുറിനെയാണ്. 68 അംഗ സഭയിൽ 34 സീറ്റാണ് കേവല ഭൂരിപക്ഷം.